Skip to main content

ഒരു മാപ്പ് ഉണ്ടാക്കിയ കഥ: ...............................


കൊല്ലം കുറെ മുൻപാണ്...
എന്ന് വെച്ച് അത് ദിനോസറുകളും ഈയാമ്പാറ്റകൾക്കും മുൻപൊന്നുമല്ലട്ടോ
അമ്മിണികുട്ടി ഇസ്കൂളിൽ പഠിക്കുന്ന കാലം..അത്രയും പുറകോട്ടു പോയ മതി.
ഒരു പരീക്ഷാ കാലം.
പരീക്ഷാക്കാലം പൊതുവെ നമ്മുടെ കുട്ടിക്ക് അത്ര പിടുത്തമില്ലാത്ത കാലമാണ്. പരീക്ഷാ പേടിയൊന്നും കാര്യമായി ഏശാറില്ലെങ്കിലും. ആ സമയത്തും കുളത്തിൽ ചാട്ടവും, പേരയിലും ചാമ്പയിലും കടപ്ലാവിലും വലിഞ്ഞു കയറലും തന്നെയാണ് ജീവിതത്തിലെ പ്രധാന കർത്തവ്യങ്ങൾ. പിന്നെ മിച്ചം സമയം ഉണ്ടെങ്കിൽ വല്ലതും വായിക്കും.
പഠിക്കാനുള്ള വിഷയങ്ങളിൽ സാമാന്യം ഭേദപ്പെട്ട വിഷയങ്ങളെ എങ്ങനെ വരുതിക്ക് വരുത്താം എന്നതിനെകുറിച്ച് കുട്ടിക്ക് ഏകദേശ ധാരണയുണ്ട്. എന്നാൽ കുട്ടിയെ കുഴപ്പിക്കുന്ന വിഷയം ഹിന്ദി ആണ് ( ഹിന്ദി ഭാഷയും അമ്മിണികുട്ടിയുമായുള്ള വിവിധ കാലഘട്ടങ്ങളിലെ തട്ടിയും മുട്ടിയും ബന്ധത്തെ കുറിച്ച് ഒരു ഖണ്ഡകാവ്യത്തിന് സ്കോപ്പുള്ളതു കൊണ്ട് ആ കഥാ'കഥനം' മറ്റൊരിക്കൽ ആവാം). ഹിന്ദിയുമായി ദുഷ്മൻ ബന്ധം തുടർന്ന് വന്നപ്പോ ദാ കേരള സർക്കാർ പാഠ്യപദ്ധതിയിൽ അടുത്ത കീറാമുട്ടിയെടുത്തിടുന്നു.
മാപ്പു വരച്ചു സ്ഥലങ്ങൾ അടയാളപ്പെടുത്തുക!!!
നേരെ ഒരു വര വരച്ചാൽ അത് ഹെയർപിൻ വളവു പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന , സ്വന്തമായി ചെരിയാത്ത ഒരു ഗോപിപൊട്ടു തൊടുക എന്നത് ഒരു വിദൂരസ്വപ്നമായിപോലും കാണാൻ കഴിയാത്ത അമ്മിണികുട്ടിയോടാണ് മാപ്പു വരച്ചു സ്ഥലം അടയാളപ്പെടുത്തുക എന്ന ക്രൂരകൃത്യം ചെയ്യാൻ ആവിശ്യപ്പെടുന്നത്എ. ന്ന കൊടുമൈ ഇത്?
ബയോളജി പഠിപ്പിക്കുന്ന അന്നമ്മ ടീച്ചറിന്റെ സ്വന്തം CID ആയിരുന്നു ആകാലത്തു അമ്മിണികുട്ടി (സ്കൂളിന്റെ കുട്ടി മോറൽ പോലീസ്). സ്കൂൾ വരുന്ന വഴിയിൽ ഏതൊക്കെ പെൺകുട്ടികൾ ആണ്കുട്ടികളോട് മിണ്ടുന്നുണ്ട്, ഏതു കൊച്ചാണ് പള്ളി പറമ്പിലെ ചെമ്പരത്തിയിൽ നിന്നും റോസയിൽ നിന്നും പൂ പറിക്കുന്നതു, ടീച്ചർമാരെ ഇരട്ടപ്പേര് വിളിക്കുന്നത് ആരൊക്കെ തുടങ്ങിയ ഹൈ അലേർട്ട് ഇന്റലിജന്റ് ഇൻഫൊർമേഷൻസ് ടീച്ചർക്ക് അതീവ സ്വകാര്യമായി കൈ മാറി ( അതോടൊപ്പം ചില ലലനാമണികൾ കുട്ടികളെ പേടിപ്പിച്ചു ടീച്ചറോട് പറഞ്ഞു കൊടുക്കും എന്ന് പറഞ്ഞു നാരങ്ങാ മുട്ടായിയും, സിപ്പപ്പും നിർലോഭം തട്ടിയും) സ്കൂളിന്റെ മോറൽ സ്റ്റാൻഡേർടു കാത്തു സൂക്ഷിച്ചിരുന്ന അമ്മിണികുട്ടിയോടുള്ള നന്ദി സൂചകമായി ബയോളജിയിലെ ചെമ്പരത്തി പരിച്ഛേദമൊക്കെ എങ്ങനെ വരച്ചാലും മുഴുവന് മാർക്കും അന്നമ്മ ടീച്ചർ പേപ്പറിലിട്ടു തന്നിരുന്നു.
പക്ഷേ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്ന ആനിയമ്മ ടീച്ചർ ഇത്തരം പൊതുകാര്യങ്ങളിൽ തത്പരയല്ലാത്തത് കൊണ്ട് 'മാപ്പു വരച്ചേ പറ്റു.'
പലരും പലമാർഗം ഉപദേശിച്ചു.
കാർബൺ പേപ്പറു വെച്ചു വരച്ചാൽ പോലും ഒരു കാച്ചിലിനു അപ്പുറത്തേയ്ക്ക് ഇന്ത്യയുടെ വളവു തിരിവുകൾ മാറി പോകുന്നില്ല.
ഭാരതത്തെ വെട്ടി മുറിച്ച ബ്രിട്ടീഷുകാരോടു അമ്മിണികുട്ടിക് അടങ്ങാത്ത അമർഷം തോന്നി. അല്ലെങ്കിലും കുട്ടിക്ക് പണ്ടേ അവരെ പഥ്യം ഇല്ല. അവറ്റങ്ങൾ ഇവിടെ വന്നത് കൊണ്ട് എന്തോരം ചരിത്രാ പഠിക്കേണ്ടി വന്നേ. ബ്ലഡി മങ്കീസ്.
അവസാനം കുട്ടി അടുത്ത സുഹൃത്തും ആസ്ഥന തരികിടയും ആയ മാത്തുകുട്ടിയെ consult ചെയ്യാൻ തീരുമാനിച്ചു. ഇത്തരം കീറാമുട്ടികൾക്കു ഉത്തരം ഓന്റെ പക്കൽ ഉണ്ടാവും. ആൻസ് ബേക്കറിയിൽ നിന്നും ഒരു പഫ്സ് എന്റെ ചിലവിൽ തട്ടി അവനാ
Cartography രഹസ്യം പങ്കുവെച്ചു. (സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി ഈ ടെക്‌നിക്‌ പ്രയോഗിക്കരുത് )
'അതെ കൊച്ചെ നീ നിന്റെ കൈ പേപ്പറിൽ വെക്കുക. എന്നിട്ട് കൈക്കു ചുറ്റിനും വരയ്ക്കുക'.
ശരിയാണ് ഏതാണ്ട് ഒരു ഇന്ത്യ പോലെ തോന്നുന്നുണ്ട്.
'ഒരു മിനിറ്റിൽ കാര്യം കഴിയും എന്നിട്ട് അതിൽ ഒരു കുരിശു വരയ്ക്കുക. ആ കുരിശിന്റെ നടുക്ക് കർത്താവ് കുരിശിൽ കിടന്നപ്പോ കർത്താവിന്റെ നെഞ്ചിന്റെ ഭാഗത്താണ് ഡൽഹി. വലതു കൈ രാജസ്ഥാൻ ഇടതു കൈ ആസാം. കാൽച്ചുവട്ടിൽ കേരളവും തമിഴ്‍ നാടും..' അങ്ങനെ പോയി ടിപ്സ്.
ഹാ സംഭവം കൊള്ളാല്ലോ.
വെരി ഈസി. അമ്മിണികുട്ടി ഘുശി.
മാത്തുക്കുട്ടി കമ്പിയിട്ട പല്ലു കാണിച്ചു അതിലെ പഫ്സ് പൊടി മുഴുവൻ കാണിച്ചു ചിരിച്ചു. എന്നിട്ടും അമ്മിണികുട്ടിയുടെ ഡ്രോയിങ് സ്‌കിൽസിൽ അത്ര വിശ്വാസം പോരാഞ്ഞു ഒരു എക്സ്ട്രാ ടിപ്പ് കൂടി കൊടുത്തു
'അതെ നീ ഇന്ത്യ വരക്കുമ്പോ ആ അറബി കടലും ശ്രീലങ്കയും കൂടി അടയാളപ്പെടുത്തിക്കൊ. അപ്പൊ വര ഒരിച്ചിരി തെറ്റിപ്പോയാലും ടീച്ചർക്ക് കാര്യം മനസിലായി മാർക്ക് തരും'.
അങ്ങനെ മാപ്പിന്റെ സീക്രെട് മനസിലാക്കി ബൂസ്റ്റ് കുടിക്കാതെ കോണ്ഫിണ്ടെന്റ് ആയ അമ്മിണികുട്ടി പരീക്ഷാ ഹാളിലേയ്ക്.
ഇരിക്കുന്നത് ഒന്നാം ബെഞ്ചിൽ ഒന്നാമത്.
ചോദ്യപേപ്പർ കൈയിൽ കിട്ടി. ദാ കിടക്കുന്നു മാപ്പിന്റെ ചോദ്യം. അമ്മിണികുട്ടി ചോദ്യത്തെ നോക്കി പുച്ഛചിരി ചിരിച്ചു. phew ഒരു ചോദ്യം. ഇപ്പൊ ശരിയാക്കി തരാം. കൈ യൂണിഫോമിൽ നന്നായി തൂത്തു പരീക്ഷപേപ്പറിൽ കൈവെച്ചപ്പോഴാണ് തൊട്ടു മുന്നിൽ ഇരിക്കുന്ന സോഡാ കുപ്പി കണ്ണടവെച്ച അപകടം മനസിലായത്. ബ്രിജിത്താമ്മ സിസ്റ്റർ. സിസ്റ്റർ ഇവളിതു എന്ത് ചെയുകയാണ് എന്ന അർത്ഥത്തിൽ കുട്ടിയെ തന്നെ നോക്കുന്നു. സിസ്റ്റർ ഇവിടെ ഇരിക്കുന്നിടത്തോളം കാലം ഈ കൈ -വര നടക്കില്ല തൽക്കാലം സ്ഥലങ്ങൾ അടയാളപ്പെടുത്തി വെയ്ക്കാം സിസ്റ്റർ അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോ പടം വരയ്ക്കാം.
അങ്ങനെ സ്ഥലങ്ങൾ അടയാളപ്പെടുത്തി കാത്തിരുന്നെങ്കിലും സിസ്റ്റർ ഇരുന്നിടത്തു നിന്ന് ഒന്നു അനങ്ങുന്നു പോലുമില്ല. ഒടുവിൽ ഏറ്റവും അവസാനം ബാക്കി കുട്ടികൾ പരീക്ഷ എഴുതിയ പേപ്പർ ടീച്ചറിനു മുന്നിൽ വെയ്ക്കാൻ വരുന്ന സെക്കന്റ്കളുടെ ഇടവേളയിൽ അമ്മിണികുട്ടി വേഗം കൈവെച്ചു മാപ്പു വരച്ചു. നൂലുകൊണ്ട് പേപ്പറുകെട്ടി ടീച്ചർക്ക് കൊടുത്തു. ഹാവു അങ്ങനെ ആ കടമ്പ കടന്നു.
********
ഇനി നമ്മുടെ ആനിയമ്മ ടീച്ചർ കറക്റ്റ് ചെയ്ത പേപ്പറുമായി ക്ലാസ്സിൽ വരുന്ന സീൻ ആണ്.
അതാ ടീച്ചർ വരുന്നു. എല്ലാവരുടെയും പേപ്പർ കൊടുക്കുന്നു. എവിടേ അമ്മിണികുട്ടിയുടെ ഉത്തരകടലാസ്സു? അതാ അതല്ലേ ടീച്ചർ പൊക്കി പിടിച്ചിരിക്കുന്നത്. കർത്താവേ അത് എന്റെ മാപ്പാണല്ലോ.
ടീച്ചർ: കുട്ടി എവിടെ വരൂ. ഈ സ്ഥലങ്ങൾ ഏതൊക്കെയാണ് ?
അമ്മിണികുട്ടി : കേരളം ശ്രീലങ്ക, അറബി കടൽ ബംഗാൾ ഉൾക്കടൽ.
ടീച്ചർ : ഇന്ത്യയ്ക്കു അകത്താണോ ശ്രീലങ്ക?
ശരിയാണ് സുഹൃത്തുക്കളെ എന്റെ മാപ്പിൽ ഒന്ന് രണ്ടു ടെക്നിക്കൽ error (അതും വളരെ ചെറുത് ) സംഭവിച്ചിരിക്കുന്നു. പെട്ടെന്നു വരച്ചു തുന്നികെട്ടിയപ്പോ മാപ്പു ഒന്ന് തലതിരിഞ്ഞു ഇപ്പൊ എന്റെ 'കേരളവും ശ്രീലങ്കയും' ഉത്തരേന്ത്യയ്ക്കും അപ്പുറത്താണ് സുഹൃത്തുക്കളെ, പാക്കിസ്ഥാനും കസ്സാക്കിസ്ഥാനും ഇടയിലൂടെ അതാ അറബിക്കടൽ ഒഴുകുന്നു. റഷ്യക്കുള്ളിൽ പതുങ്ങിയിരിക്കുന്ന കവരത്തി ദ്വീപസമൂഹങ്ങൾ.
ടീച്ചർ: എന്തെങ്കിലും പറയാനുണ്ടോ?
അമ്മിണികുട്ടി തല താഴ്ത്തി : അതിർത്തികൾ ഇല്ലാത്ത ലോകമാണ് ടീച്ചർ എന്റെ സങ്കല്പത്തിൽ.
ടീച്ചർ അമ്മിണികുട്ടിയെയും പേപ്പറും മാറി മാറി നോക്കുന്നു.
അത് വരെ മുഴുവൻ വെട്ടി ഇട്ടിരുന്ന ആ മാപ്പിന് അരികിൽ അതാ ഒരു അരമാർക്‌ വീഴുന്നു.
പറയൂ സുഹൃത്തുക്കളെ അമ്മിണികുട്ടി അതിരുകൾ ഇല്ലാത്ത ഒരു ലോകം സ്വപ്‍നം കൊണ്ടുപോയതും അത് പരീക്ഷാപേപ്പറിൽ സാക്ഷാത്കരിക്കാൻ ശ്രമിച്ചതും ഒരു തെറ്റാണോ ??
P.S : അന്ന് അമ്മിണികുട്ടി കർത്താവിനോടു മുട്ടിപ്പായി പ്രാർഥിച്ചു. കർത്താവേ ഈ മാപ്പില്ലാതെ സ്ഥലങ്ങളു കണ്ടുപിടിക്കാൻ പറ്റുന്ന എന്തെങ്കിലും ഒരു കിടുതാപ്പു അങ്ങ് ഞങ്ങൾക്ക് തരണേന്നു. അമ്മിണികുട്ടിയുടെ ആ പ്രാർഥനയുടെ ഫലം കൂടിയാവും GPS. അപ്പൊ അത് ഉപയോഗിക്കുന്നവർക്കൊക്കെ അമ്മിണികുട്ടിയോടു ഒരു സമരണവേണട്ടാ
ദീപപ്രവീൺ
# അമ്മിണികുട്ടിസ്റ്റോറീസ്
#musing
#lifeandreflections

Comments

Popular posts from this blog

നിത III

  നിതയുടെ ജീവിതമാണ് കഴിഞ്ഞ കുറിപ്പിൽ എഴുതിയതു..അത് അനേകം നിതമാരുടെ ശബ്ദമായി തുടരുന്നു. പ്രമീളദേവിയുടെ അനുഭവത്തിൽ നിന്നാണ് നിതയെ ഓർത്തെടുത്തു അത് ഇവിടെ കുറിച്ച് തുടങ്ങിയത്. കുറച്ചു വര്ഷങ്ങളായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്തത് കൊണ്ട് ആരെങ്കിലും ഇത് വായിക്കുമോയെന്ന് പോലും ഉറപ്പില്ലായിരുന്നു. എന്നാൽ എവിടെയെങ്കിലും ഒരു നിതയോ ഒരു പ്രമീള ദേവിയോ ഉണ്ടെങ്കിൽ അതിൽ ഒരാളെങ്കിലും ഇത് വായിക്കണെമെന്നെ തോന്നിയുള്ളൂ. പക്ഷെ എന്നെ തേടി വന്ന മെസ്സേജുകളും കുറിപ്പുകളും നമ്മുടെ ഇടയിൽ എത്രയോ നിതമാരുണ്ടെന്നു അവർ നിശബദമാക്കപ്പെടുന്നത് ഏതാണ്ട് ഒരേ സാമൂഹിക കുടുംബവ്യവസ്ഥകളിലാണെന്നും എന്നോട് കഴിഞ്ഞ കുറെ ദിവസങ്ങളിൽ പറഞ്ഞു കൊണ്ടേയിരിക്കുന്നു. പലപ്പോഴും ഈ ഗാർഹിക പീഡനങ്ങളെ അതിന്റെ മാനസിക സംഘർഷങ്ങളെ അനിയന്ത്രിതമാക്കാൻ സഹായിക്കുന്നത്, ഇത്തരം കുറ്റവാളികളുടെ കുറ്റവാസനയുള്ളവരുടെ ഒപ്പം കൂടുന്ന ഫ്ലയിങ് monkeys എന്ന് വിളിക്കപ്പെടുന്ന സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും ഇടപെടലാണ് എന്ന വേദനയാവർത്തിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ച പെൺകുട്ടികൾ ഏറെയും പറഞ്ഞത് ഈ ചുറ്റിനുമുള്ള ഉപഗ്രഹങ്ങളെയാണ് അവർ പലപ്പോഴും അവരുടെ പാനിക്...

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

ഓര്‍മ്മയിലെ മഴക്കാലങ്ങള്‍.

Rain for cam Originally uploaded by Deepa.Praveen മഴ മിക്കപ്പോഴും കൌതുകവും കൂട്ടും ആകാറുണ്ട്..ചിലപോള്‍ നമ്മോടു ഒപ്പം സഞ്ചരിക്കാരും.. എന്റെ ഒപ്പം നടന്ന ഒരു മഴയെ കുറിച്ച്... ഞാന്‍ ഒരു സെമിനാറിന് ഒറിസയില്‍ എത്തിയതായിരുന്നു..ഒരു വേനല്‍ കാലത്തിന്റെ എല്ലാ രൌദ്രതയും ഒരുമിച്ചു അറിയാന്‍ കഴിയും ഒറിസയില്‍. കാലത്ത് 4 മണിക്ക് തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ വൈകുന്നേരംഎട്ടു മണി കഴിഞ്ഞാലും എനിക്ക് വീട്ടില്‍ പോകാന്‍ മനസില്ല എന്ന് പറഞ്ഞു മാനത്ത് തന്നേയ് ഉ‌ണ്ടാവും.ആ സമയം കൊണ്ട് നമ്മള്‍ ഒരു അര കിണര്‍ വെള്ളം കുടിച്ചു തീര്‍ത്തിട്ട് ഉണ്ടാവും..ഒരു മഴ കാറ് എങ്കിലും കാണാന്‍ നമ്മള്‍ നേര്ച്ച നേര്‍ന്നു പോകുന്ന സമയം.എത്രയും പെയ്ട്ടന്നു നാട് എത്തിയാല്‍ മതി എന്ന് പ്രാര്‍ഥിച്ചു കഴിഞ്ഞ നിമിഷങ്ങള്‍. അപ്പോഴാ അടുത്ത ശുഭ വാര്‍ത്ത‍,കല്കട്ടയില്‍ കൂടി ഒരു ദിവസം പോകേണ്ടി വരും. ഭുവനേശ്വര്‍ ഡെയിലി യില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഒരു യാത്ര,കൂടെ ഉള്ളത് ഒന്ന് മേഘാലയന്‍ സുഹൃത്ത്‌ മയി(അയമ്മയുടെയ് എ.ടി.എം കാര്‍ഡ് പണി മുടക്കില്‍ ആയ ടെന്‍ഷന്‍),നാട്ടില്‍ തിരിച്ചു എത്തിയിട്ട് മറ്റു ഒരു പാ...