***
വായനശാല വരുന്നു.
കുട്ടിയ്ക്ക് സന്തോഷം തോന്നി.
അതുവരെ വല്ലപ്പോഴും അച്ഛൻ വാങ്ങിത്തരുന്ന പുസ്തകങ്ങളോ അല്ലെങ്കിൽ അപൂർവ്വമായി അടുത്ത വീട്ടിലെ ചേട്ടന്മാരുടെയോ ചേച്ചിമാരുടെയോ കയ്യിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളോ ആയിരുന്നു അവളുടെ വായിക്കാനുള്ള മോഹത്തെ തൃപ്തിപ്പെടുത്തിയിരുന്നത്.
ഏതെങ്കിലും വീടുകളിൽ വിരുന്നു പോകുമ്പോ മേശപ്പുറത്തു നിരക്കുന്ന പലഹാരങ്ങളെക്കാൾ ആ 6 ആം ക്ലാസുകാരിയെ കൊതിപ്പിച്ചിരുന്നത് അവിടെ അടുക്കിവെച്ചിരുന്ന പുസ്തകങ്ങളായായിരുന്നു.
ഇപ്പൊ ഇതാ വായനശാലയിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവുന്ന്, ഇനി മതിവരുവോളം വായിക്കാം.
‘ആനന്ദലബ്ധിക്കിനിയെന്തു വേണം?’
ഉൽഘാടനദിവസത്തെ തിരക്കുകളെല്ലാം കഴിഞ്ഞു. ആളും ആരവവും ഒഴിഞ്ഞു.
പിറ്റേന്ന് വൈകുന്നേരം മുതൽ കാവിൽ പോയിട്ട് തിരികെ മടങ്ങും വഴി വായനശാലയിൽ പോയി പുസ്തകങ്ങളെടുക്കാനും പത്രം വായിക്കാനുമുള്ള അനുമതി കുട്ടി മുത്തശ്ശിയുടെ കയ്യിൽ നിന്ന് കാലേകൂട്ടി വാങ്ങി.
വായന പൂക്കുന്ന ദിവസങ്ങളാണ് ഇനി കുട്ടിയെ കാത്തിരിക്കുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് വായനശാലയുടെ മുന്നിലൂടെയുള്ള നാട്ടിടവഴി അവസാനിക്കുന്നത് കാവിലാണ്.
സ്കൂൾ വിട്ടു വന്നാൽ, എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി കുളത്തിലെ ഇളം ചൂടിൽ ഒന്ന് മുങ്ങി കുളിച്ചു, വീട്ടിൽ നിന്നും പിന്നെ കാവിലേക്കുള്ള മണ്ണിടവഴിയ്ക്കു ചുറ്റുമുള്ള എല്ലാ അയല്പക്കങ്ങളിൽ നിന്നും ചെമ്പരത്തിയും മന്ദാരവും പൊട്ടിച്ചു വാഴകുമ്പിളിലാക്കി കുട്ടി കാവിലേയ്ക് ഓടും.
നടക്കൽ പൂ വെച്ച് ശ്രീ കോവിലിനു ചുറ്റും ഒരു ഓട്ടപ്രദക്ഷണം തന്നെയാണ്.
അപ്പൊ തിരുമനസ്സ് കളിയായി ചോദിക്കും.
‘ഇപ്പൊ വലിയ തിരക്കിലാണല്ലോ?’
‘ഉവ്വ് വായനശാലയിൽ പോണം’
തിരുമനസ്സ് കൊടുക്കുന്ന കൊടുക്കുന്ന കുങ്കുമവും ചന്ദനവും നെറ്റിയിൽ ഇട്ടു, തൃമധുരത്തിലെ പഴവും അവിലും കഴിക്കുന്നിതിടയിൽ കുട്ടി പറയും.
അതുവരെ നേരത്തെ അമ്പലത്തിലെത്തിയാൽ വിഗ്രഹത്തിൽ ചന്ദനം ചാർത്തുന്നത് കാണാൻ കുട്ടി നിൽക്കും. ഇപ്പൊ കുട്ടിയ്ക്ക് തിരിയ്ക്കായല്ലോ. ദേവിയ്ക്ക് അതിൽ പരിഭവമില്ല. ‘ബാലഭദ്രയാന്നേ, കുട്ടികളെ വലിയ ഇഷ്ട്ടാ പ്രത്യേകിച്ചും ‘കുട്ടിയെ’ “
“കുട്ടി വിശേഷങ്ങൾ എല്ലാം പറയും, കുട്ടിയ്ക്ക് ഒത്തിരി സങ്കടമുള്ള രാത്രിയിൽ താഴത്തെ ഗന്ധർവ്വൻ കാവിൽ നീരാട്ടിനു പോകുമ്പോ കുട്ടിയേയും കാണാൻ വരും ചിലങ്ക കിലുക്കി.’ കുട്ടിയുടെ ആദ്യത്തെ സുഹൃത്ത് എന്ന് തന്നെ പറയണം. അത് കൊണ്ടാണ് എന്നും വൈകുന്നേരമുള്ള ഈ സന്ദർശനം.
വായനശാല വന്നതോടെ സന്ദർശന സമയം കുറഞ്ഞുന്നു മാത്രം. കൈയിൽ പ്രസാദവും അടക്കി പിടിച്ചു ഒറ്റ ഓട്ടത്തിന് കുട്ടിയാ ഓട് പതിച്ച ഇരുനില കെട്ടിടത്തിൽ എത്തും.
രണ്ടു തട്ടാണ് വായനശാലയ്ക്ക്, താഴെ തട്ടിൽ എല്ലാവരും സ്ഥിരം വായിക്കുന്ന നോവലുകളും കഥകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വെച്ചിരിക്കുന്നു. അവിടെ ഒരു വലിയ മേശയും കുറച്ചു കസേരകളുമുണ്ട്. മേശപ്പുറത്തു അന്നത്തെ പത്രവും ആ ആഴ്ചവന്ന ആഴ്ചപ്പതിപ്പുകളും കാണാം.
പിന്നെ മുകളിലത്തെ നിലയിൽ കുറച്ചു കൂടി ആധികാരികമായ, പ്രശസ്തമായ എന്നാൽ അധികമാരും തിരക്കി വരാത്ത പുസ്തകങ്ങൾ. അത് കൊണ്ടാവാം അത് ചില്ലലമാരയിലിട്ടു അതിന്റെ താക്കോൽ ലൈബ്രേറിയൻ സൂക്ഷിക്കും. അതിൽ നിന്ന് പുസ്തകങ്ങൾ വേണമെങ്കിൽ നമ്മൾ പ്രത്യേകം പറയണം അപ്പോൾ അദ്ദേഹം വന്നു അലമാര തുറന്നു പുസ്തകമെടുത്തു തരും.
താഴെ തട്ടിൽ കുറച്ചു വായനക്കാരോ ക്യാരംസ്സ് കളിക്കുന്നവരോ പത്രം വായിക്കുന്നവരോ കാണും.
ബസ്സ്റ്റാൻഡിന് അടുത്താണ് വായനശാല എന്നത് കൊണ്ടാവാം. ദൂരേ ജോലിക്കു പോകുന്നവരും സമീപ സ്ഥലങ്ങളിൽ ഉള്ളവരുമൊക്കെ അവിടെ അന്ന് അംഗങ്ങളായിരുന്നു.
കുട്ടിയുടെ തട്ടകം മുകളിലാണ്. വായനശാലയുടെ പടി കടക്കുമ്പോൾ ലൈബ്രെറിയന്റെ വക ഒരു കുശലാന്വേഷണമുണ്ട്. ചിലപ്പോൾ മുകളിലെ അലമാരയുടെ താക്കോലും കൊടുക്കും. വെറുതെ പുസ്കതകമെടുത്തു കൊടുക്കാൻ മുകളിലേയ്ക്കു കയറേണ്ടല്ലോ. സ്ഥിരം സന്ദർശകയായതു കൊണ്ട് കുട്ടിക്ക് മാത്രം കിട്ടുന്ന ഒരു ഔദാര്യമാണത്. മിക്കവാറും കുട്ടി മാത്രമാവും മുകളിലെ തട്ടിൽ അല്ലെങ്കിൽ അപൂർവ്വമായി പുസ്തകമെടുക്കാൻ വരുന്ന ആരെങ്കിലും.
മുകളിലെ തട്ടും ഒരു വലിയ ഹാളും അതിൽ ഭിത്തിയോട് ചേർത്ത് വെച്ചിരിക്കുന്ന അലമാരകളും നടുവിൽ ഒരു ചെറിയ മേശയുമാണ്. കുട്ടി ഓരോ അലമാരയുടെയും അടുത്ത് പോയി പുസ്തകങ്ങൾ ഓരോന്നായി തൊട്ടു നോക്കും.
ചിലതെടുത്തു മറിച്ചു നോക്കും. പഴയ പുസ്തങ്ങൾക്കു ഒരു നല്ല മണമുണ്ട്. ആ വലിയ ഹാളിനു മുഴുവൻ ആ മണമാണ്.
വീട്ടിലേയ്ക്കു വലിയ പുസ്തകങ്ങളൊന്നും എടുത്തുകൊണ്ടു ചെല്ലാൻ മുത്തശ്ശി സമ്മതിക്കില്ല. അതുപോലെ ലൈബ്രറിയിൽ നിന്നും എല്ലാ പുസ്തകങ്ങളൂം പുറത്തേയ്ക്കു കൊടുക്കുകയുമില്ല.
അതുകൊണ്ടു കുട്ടി ഒരു നോട്ട് പുസ്തകവും കുട്ടിയുടെ പ്രിയപ്പെട്ട മഷിപേനയും കൊണ്ടാവും വരുക. ഈ പുസ്തകങ്ങളിൽ നിന്ന് കുട്ടിയ്ക്ക് പ്രിയപ്പട്ട വരികൾ നോട്ട്ബുക്കിൽ പകർത്തി എഴുത്തും.
അമ്പലത്തിൽ ദീപാരാധനയുടെ മണി മുഴങ്ങും വരെ കുട്ടിയ്ക്ക് വായനശാലയിലിരിക്കാം. അത് കഴിയുമ്പോ വീട്ടിൽ എത്തണം.
ഏന്തി വലിഞ്ഞു ഒരൊറ്റ ഓട്ടം അത്രേ ഉള്ളു ദൂരം. വീട്ടിലെത്തുമ്പോൾ വിളക്കു വെച്ചിരിയ്ക്കും. പിന്നെ നാമജപം. ഊണ്. വായനശാലയിൽ നിന്ന് കൊണ്ടുവന്ന പുസ്തകങ്ങൾ വായന. ഉറക്കം.
കുട്ടിയും അക്ഷരങ്ങളും മാത്രമായ ഒരു ലോകം.
അങ്ങനെ ഒരു ദിവസം, വായനശാലയുടെ മുകൾ നിലയിലേക്കുള്ള പടി ഓടി കയറുമ്പോ ലൈബ്രേറിയൻ തിരിച്ചു വിളിച്ചു.
‘അതെ അവിടെ ഒരു ചേട്ടൻ ഇരുന്നു വായിക്കുന്നുണ്ട്. ആ ചേട്ടനെ ശല്യപ്പെടുത്തരുത്.’
കുട്ടിയ്ക്ക് സങ്കടം വന്നു കുട്ടിയുടെ സാമ്രാജ്യത്തിൽ ഒരാളോ?
പതിയെ പടികയറിയപ്പോ ആദ്യം വന്നത് എന്തോ ഒരു സെന്റിന്റെ മണമാണ്.
അന്ന് വരെ പഴയ പുസ്തകങ്ങളുടെ മണം നിറഞ്ഞു നിന്ന ആ ഹാളിൽ ആന്നു ഒരു അപരിചിതഗന്ധം. ഹാളിൽ ഭിത്തിയോട് ചേർന്നിരിക്കുന്ന അലമാരയ്ക്കു മുന്നിൽ ഒരു കസേരയിട്ട് തല കുമ്പിട്ടിരുന്നു എന്തോ എഴുതുന്ന ഒരാൾ.
ആളുടെ മുഖം കണ്ടില്ല. അന്ന് പുസ്തകങ്ങളൊന്നും എടുക്കാതെ അവൾ തിരികെ പോന്നു.
നാളെ അയാൾ ഉണ്ടാവില്ലലോ. അപ്പോൾ വീണ്ടും ‘ഞാനും എന്റെ പുസ്തകങ്ങളും’ കുട്ടി ഓർത്തു.
2
...
എന്റെ ചിത്രത്തിലെ പൂവിനു
കൂടുതലുണ്ടായിരിയ്ക്കാം ദലങ്ങള്‍
കണ്ടു പരിചയമില്ലാത്ത വര്‍ണ്ണങ്ങള്‍
കണ്ടിരിയ്ക്കാം ഇതിനുള്ളില്‍ (വയലാർ )
****
പിറ്റേന്നും അതിനടുത്ത ദിവസവും പിന്നെയുള്ള ദിവസങ്ങളില്ലാം അയാളുണ്ടായിരുന്നു അവിടെ.
ഏതെങ്കിലുമൊരു പുസ്തകത്തിൽ മുഖംപൂഴ്‌ത്തി, അല്ലെങ്കിൽ എന്തെങ്കിലുമെഴുതി..
കുറച്ചു ദിവസങ്ങൾ കൊണ്ട് അയാൾ കുട്ടിയ്ക്ക് അസംഖ്യം ഉപകരണങ്ങളോ പുസ്തകങ്ങളോ പോലെ അവിടുത്തെ മറ്റൊരു ജീവനില്ലാ പ്രതിമയായി.
കുട്ടി അയാളുടെ സാന്നിധ്യം അംഗീകരിക്കുകയും വിസ്മരിക്കുകകയും ചെയ്തു എന്ന് പറയാം.
എന്നാലും കുട്ടിയുടെ കൂട്ടുകാര് താഴെയിരുന്നു ക്യാരംസ് കളിക്കുന്നിതിനിടയിൽ കുട്ടിയെ കാണാൻ ബഹളമുണ്ടാക്കി മുകളിലേയ്ക്കു ഓടി വരുമ്പോ കുട്ടി അവരെ പതിഞ്ഞ സ്വരത്തിൽ ശാസിക്കും. “ ശ് അയാള് വായിക്കുകാ ബാ നമുക്കു താഴെ പോകാം.”
കാരണം അതു കുട്ടിയുടെയും അയാളുടെയും മാത്രം വായനാ സാമ്രാജ്യമാണല്ലോ!!
എന്നാലും അയാൾ വരാത്ത അപൂർവ്വം ദിവസങ്ങൾ കുട്ടിയും പുസ്തകങ്ങളൂം ആഘോഷിച്ചു.
കസേരയിൽ കയറി നിന്ന് വലിയ റാക്കിലെ പുസ്തകങ്ങൾ എടുത്തും, ആരും കാണാതെ പുസ്തകങ്ങൾ മണത്തു നോക്കിയും. വലിയ പുസ്തകങ്ങൾ കൊണ്ട് കറങ്ങുന്ന കോണിയുണ്ടാക്കിയും, വായിക്കാനറിയാത്ത ഇംഗ്ലീഷ് പുസ്തകങ്ങൾ എടുത്തു പടം കണ്ടും അവളുടെ ലോകം അവൾ തീർത്തു.
അപ്പോൾ കുട്ടി ഓർത്തു നാശം അയാള് വരാതെയിരുന്നെങ്കിൽ. പക്ഷേ അയാൾ വന്നു കൊണ്ടേയിരുന്നു..
കുട്ടി ഒരു പുസ്തകവുമായി ഒരു മൂലയിലും അയാൾ മറ്റൊരു പുസ്തകവുമായി മറ്റൊരു മൂലയിലും
അങ്ങനെ ഓണകാലമെത്തി...
ഓണക്കാലം കുട്ടിയ്ക്കും കുട്ടിപട്ടാളത്തിനും ഏറെ ഇഷ്ട്ടാണ്. എന്തോരം മത്സരങ്ങൾ?
ഇഷ്ട്ടം പോലെ സമ്മാനം കിട്ടും. സോപ്പുപെട്ടി, ബുക്ക്, കുഞ്ഞൻ ട്രോഫികൾ, മുട്ടായി, പിന്നെ ചിലപ്പോ പൈസയും...
വായനശാലയിൽ നിറയെ മത്സരങ്ങൾ ഉണ്ടായിരുന്നു.
കുട്ടിയ്ക്ക് കൈ നിറയെ സമ്മാനങ്ങൾ കിട്ടി.
മത്സരങ്ങൾ കഴിഞ്ഞുള്ള കുറച്ചു ദിവസം അവൾക്കു ഗമ ഒരിച്ചിരി കൂടും, കാരണം അപ്പൊ നാട്ടാര് വഴിയിൽ വിളിച്ചു നിറുത്തി പ്രസംഗവും കവിതയുമൊക്കെ നന്നായിന്നു പറയും. മിടുക്കിയാന്നു പറയും അതുകേൾക്കുമ്പൊ കുട്ടി നൂലിൽ കെട്ടിയിട്ട പട്ടം പോലെ ഭൂമിയിൽ നിന്നൊന്നു പൊങ്ങി പറക്കും.
അവധി കഴിഞ്ഞു തിരികെ വായനശാല തുറന്നപ്പോ അവിടുത്തെ സ്ഥിരം മുഖങ്ങളും അവളെ അഭിനന്ദിച്ചു.
‘മിടുക്കിയാണല്ലോ’ എന്ന് പറഞ്ഞു.
തലകുലുക്കി സമ്മതിച്ചു തന്റെ സ്ഥിരം ഇരുപ്പിടത്തിലെത്തിയപ്പോ അയാൾ ഒരു പുസ്തകം തുറന്നു വെച്ചു എന്തോ എഴുതുന്നു.
കുട്ടിയും മേശയുടെ മറു ഓരം പറ്റിയിരുന്നു ബോധി ക്വിസ്സ് ന്റെ* ഉത്തരങ്ങൾ തിരയാൻ തുടങ്ങി.. അല്ലെങ്കിലും അയാൾ ആര് ഞാൻ അല്ലെ വായനശാലയിലെ പുതിയ താരം അവളോർത്തു, പിന്നെ അയാളുടെ സാന്നിധ്യം മറന്നു.
“എന്താണ് റിയലിസം?”
“റിയലിസോ ”
കുട്ടി ഞെട്ടി തല ഉയർത്തി. അയാളാണ്.
തന്റെ മുന്നിലെ പുസ്തകത്തിൽ നിന്ന് മുഖം ഉയർത്താതെ ഒരു പേപ്പർ നീളനെ നെടുകെ മടക്കി അതിൽ അയാൾ എന്തൊക്കയോ എഴുതി നിറക്കുന്നു.
ആ ഹാളിൽ വേറെ ആരും ഇല്ലാത്തതു കൊണ്ട് ചോദ്യം അവളോടാണെന്നുറപ്പ്.
കുട്ടി ചുമലു ചലിപ്പിച്ചു അറിയില്ല എന്ന് ആംഗ്യം കാണിച്ചു.
സ്കൂളിൽ മാഷ് അറിയാത്ത ചോദ്യം ചോദിക്കുമ്പോഴ ത്തെ പേടിയും, കുട്ടിയോട് അയാൾ എന്തിനെ ഇത് ചോദിക്കുന്നു എന്ന ഈർഷ്യയും ഉണ്ടായിരുന്നു അവളുടെ ശരീരഭാഷയിൽ.
മുന്നിലെ പുസ്തകം അടച്ചു വെച്ചു. എഴുതികൊണ്ടിരുന്ന പേനയും അടച്ചു വെച്ച്. കൈ കെട്ടി കണ്ണടച്ചിരുന്നു അയാൾ ചൊല്ലി.
‘കാമറ ചില്ലില്‍ പതിഞ്ഞേക്കുമാ
കൊച്ചുപൂവിന്‍ യതാതത രൂപം
എന്റെയീ ക്യാന്‍വാസില്‍ നിങ്ങള്‍ കണ്ടില്ലെങ്കില്‍
എന്നെ പഴിയ്ക്കരുതാരും
ഭാവനയ്ക്കുള്ളിലും കാമറയ്ക്കുള്ളിലും
ജീവിതം ചെന്നിറങ്ങുമ്പോള്‍
റിയലിസവും റിയാലിറ്റിയും
പ്രതിച്ഛായകള്‍ രണ്ടായിരിയ്ക്കും’
ഒരു നിമിഷത്തെ നിശബ്ധത.
പുരികം കൂർപ്പിച്ചു അയാൾ ചോദിച്ചു.
“എന്താണ് റിയലിസം?”
കുട്ടി മുഖം കുനിച്ചു.
“അപ്പൊ അറിയാത്ത കാര്യത്തെ കുറിച്ചാണോ കവിതയൊക്കെ ചൊല്ലി സമ്മാനം മേടിച്ചേ?”
അയാളുടെ സ്വരത്തിൽ പുച്ഛമുണ്ടായിരുന്നോ?
ഇനി എന്നെ കൊണ്ട് സമ്മാനം തിരിച്ചു കൊടുപ്പിക്കുവോ? കുട്ടിയ്ക്ക് വേവലാതിയായി.
അർഹതയില്ലാത്ത സമ്മാനമാണ് തനിയ്ക്ക് കിട്ടിയതെന്ന് അവൾക്കു തോന്നി.
കുട്ടിയുടെ കണ്ണൊന്നു നനഞ്ഞോ.
പാടില്ല പരിചയമില്ലാത്തവരുടെ മുന്നിൽ കണ്ണ് നനയ്ക്കാൻ പാടില്ലാന്നു മുത്തശ്ശി പറഞ്ഞിട്ടുണ്ട്. കുട്ടി മുഖം കനപ്പിച്ചു അയാളോട് ചോദിച്ചു.
“പിന്നെ എല്ലാ കവിതയ്ക്കും അർത്ഥമറിഞ്ഞിട്ടു വേണോ ചൊല്ലാൻ? അക്ഷരം പിഴക്കാതെ തെറ്റിക്കാതെ ചൊല്ലിയാൽ പോരെ? നല്ല ഈണത്തിൽ”
കുട്ടി ആയാളോട് തർക്കിച്ചു.
“പോരാ.
പോരാ...” അയാൾ ദൃഢമായ സ്വരത്തിൽ പറഞ്ഞു.
“നമ്മുടെ കൈയിൽ നിന്ന് പോകുന്ന വാക്കു, അത് എഴുതുന്നതായാലും പറയുന്നതായാലും, നമുക്ക് ഒരു പരിധിവരെയെങ്കിലും മനസിലായിരിക്കണം, നമുക്കു ബോധ്യമുണ്ടാകണം നാം എന്തിനെ കുറിച്ചാണ്, എങ്ങനെയാണു പറയുന്നതെന്ന്.
കാരണം നാം പറയുന്ന വാക്കിന്റെ ഉടമസ്ഥർ നമ്മളാണ്’
‘അത് വേറെ ഒരാളുടെ കവിതയല്ലേ?”
“പക്ഷെ ഇയ്യാളല്ലേ ചൊല്ലുന്നത്? Dostoevskyയെ ഉദ്ധരിച്ചു പ്രസംഗിക്കുന്ന പെൺകുട്ടിയ്ക്കു പറയുന്ന കാര്യങ്ങളുടെ മേൽ കുറച്ചു കൂടി ഉത്തരവാദിത്വമാകാം”.
ദേവി, ഇയാള് പ്രസംഗവും കേട്ടോ? ആ സമയത്തു ഇയാളെ അവിടെ ഒന്നും കണ്ടില്ലല്ലോ - കുട്ടി മനസ്സിൽ ഓർത്തു. എത്രയും പെട്ടെന്ന് അവിടെ നിന്ന് രക്ഷപ്പെടണം എന്ന് തോന്നി. തന്റെ പൊള്ളത്തരം ആരോ പൊളിച്ചെഴുതിയതു പോലെ.
പതിയെ താൻ എഴുതി കൊണ്ടിരുന്ന പേപ്പറുകൾ വലിച്ചുവാരി നോട്ട് ബുക്കിനു ഉള്ളിലേയ്ക്ക് തിക്കി കയറ്റി കുട്ടി എണിറ്റു. താഴേയ്ക്കു പടി ഇറങ്ങുമ്പോ അയാളുടെ സ്വരം.
‘ദാ അതെന്താ?’ ഒരു വലിയ ബുക്കിന്റെ പുറം ചട്ടയിലെ അസ്മയത്തിന്റെ ഫോട്ടോയാണ്.
‘ഫോട്ടോ... അസ്തമയത്തിന്റെ’
‘ഉം’
ഹാളിനു അപ്പുറത്തെ ജനലഴിയിലൂടെ ദൂരെയ്ക്കു വിരൽ ചൂണ്ടി അയാൾ ചോദിച്ചു “അതോ?”
അയാളുടെ വിരലിനു അറ്റത്തേയ്ക് നീളുന്ന കുട്ടിയുടെ കണ്ണുകൾ കുന്നിൻ ചെരുവിനെ ചുവപ്പിച്ചു താഴ്‌ന്നു പോകുന്ന ചിങ്ങമാസത്തിലെ സൂര്യനിൽ ഉടക്കി.
‘അത് റിയാലിറ്റി’ അയാൾ പറഞ്ഞു ‘പുസ്തകം തിരികെ തിരികെ വെച്ചുകൊണ്ട് അതിലെ സൂര്യസ്തമയം നോക്കി അയാൾ പറഞ്ഞു ഇത് റിയലിസം’
“ഒരു യാഥാർഥ്യത്തെ അതായതു റിയാലിറ്റിയെ മറ്റൊരു തലത്തിലേയ്ക്ക് പകർത്തുന്നതാണ് റിയലിസം എന്ന് വേണമെങ്കിൽ പറയാം. അത് ഒരു പ്രകൃതിദൃശ്യമൊന്നുമകണമെന്നില്ല കെട്ടോ. ഒരു സംഭവമാകാം ഒരു വികാരമാകാം ഇങ്ങനെ പകർത്തപ്പെടുന്നത്. ഒരു തുള്ളി കണ്ണീരുപോലുമാകാം.” (അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. കുട്ടിയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീരും) ഈ റിയലിസത്തിനു പല ഇതിനു പല പിരിവുകളുമുണ്ട്..”
“അത് പോട്ടെ ..നിങ്ങൾ കുട്ടികൾ സാധാരണ തിരഞ്ഞെടുക്കുന്ന ഒരു കവിതയല്ലല്ലോ ഇത്. അത് ആരാ തിരഞ്ഞെടുത്തു തന്നേ? അച്ഛനാണോ?”
കുട്ടിയ്ക്ക് സങ്കടമിരട്ടിച്ചു. ആ ഓണത്തിന് എത്താതെ ഇരുന്ന അച്ഛനെ ഓർത്തു.
‘അല്ല, സംഹാരത്തിലിൽ നിന്നു വായിച്ചപ്പോ ഇത് ഇഷ്ട്ടായി. എനിയ്ക്കു ചിത്രമെടുക്കാൻ നല്ല ഇഷ്ട്ടാ, എന്റെ അച്ഛന് ഒരു പഴയ ക്യാമറ ഉണ്ടാരുന്നു.”
കുട്ടി നാവു കടിച്ചു. മുത്തശ്ശി പറഞ്ഞിട്ടുണ്ട്. അറിയാത്ത ആളുകളോട് കിന്നരിക്കാൻ നിൽക്കരുതെന്നു. റോഡിലോട്ട് ഒന്ന് സാധനം മേടിക്കാൻ വിട്ടാൽ. വഴിയേപോകുന്ന സകലമനുഷ്യരുടെയും നാട്ടുവിശേഷവും വീട്ടുവിശേഷവും തിരക്കി വീട്ടിൽ എത്തുന്ന പഴയ പതിവ് തുടർന്നാൽ മുട്ടുകാല് തല്ലി ഓടിക്കുന്നാ മുത്തശ്ശി പറഞ്ഞിരിക്കുന്നേ. ഇന്ന് വരെ ഒരു ചെമ്പരത്തി വടിഒടിച്ചുപോലും മുത്തശി കുട്ടിയെ തല്ലിയിട്ടില്ല എന്നാലും..
കുട്ടി പുസ്തകവും വാരി കെട്ടി ഇറങ്ങിയോടി.
ഇനി അയാളോട് മിണ്ടാൻ നിൽക്കരുത് ...ഒരിക്കലും....കുട്ടി ഉറപ്പിച്ചു
3
...................................................
അന്ന് വൈകുന്നേരം അച്ഛൻ വന്നു. അവൾക്കു സന്തോഷം തോന്നി.
കിട്ടിയ സമ്മാനങ്ങളെല്ലാം അച്ചെ കാണിച്ചു, വിശേഷങ്ങളെല്ലാം പറഞ്ഞു, പിന്നെ അയാളെ കുറിച്ചും, അയാള് കവിതയെകുറിച്ചു പറഞ്ഞതും.
അച്ഛൻ പറഞ്ഞു
“ആ ചേട്ടൻ പറഞ്ഞത് ശരിയാണ്. അങ്ങനെ തന്നെ വേണം. അതിനു എന്തിനാ മോന് വിഷമം തോന്നിയേ? കൂടുതൽ മിടുക്കിയാവാനാണ് ആ ചേട്ടൻ അങ്ങനെ പറഞ്ഞത്. ഇത്രയും ആൾക്കാര് പറഞ്ഞതിലും ഏറ്റവും നല്ല ഉപദേശം തന്നത് ആ ചേട്ടനാണ്.”
ഉമ്മറത്ത് കാല് നീട്ടിയിരുന്നു നാമം ജപിക്കുന്ന മുത്തശ്ശി അപ്പൊ ഇടപെട്ടു.
“ആരാ, ആരോടാ കൊച്ചെ നീ കിന്നരിക്കാൻ നിൽക്കുന്നേ?”
“അമ്മേ ..” അച്ച ഉറച്ച സ്വരത്തിൽ ഒരു താക്കീതു പോലെ വിളിച്ചു.
മുത്തശ്ശി എന്തോ പിറുപിറുത്തു ഹരിനാമ കീർത്തനത്തിലേയ്ക് മടങ്ങി
‘പലതും പറഞ്ഞു
പകൽ കളയുന്ന നാവു
തവ തിരുനാമ കീർത്തനമിതതിനായി വരേണമിഹ ..’
അച്ഛൻ പിന്നേയും പറഞ്ഞു.
‘ആ ചേട്ടായിയോട് പറയണം ലൈബ്രറിയിൽ നിന്ന് മോന് വായിക്കാൻ പറ്റിയ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു തരാൻ’
‘എനിക്കറിയാലോ എല്ലാ ബുക്കും ഇരികുന്നിടം, പിന്നെ അച്ഛയിലേ? ’ കുട്ടി മുഖം വീർപ്പിച്ചു.
‘അങ്ങനല്ലടാ പറഞ്ഞു കേട്ടിട്ടു ആ ചേട്ടൻ കുറെ വായിക്കുന്നയാളാവും. നമ്മൾ അറിവുള്ള ആളുകളെ ബഹുമാനിക്കുകല്ലേ വേണ്ടത്. ആ ചേട്ടന് പുതിയ നല്ല പുസ്തകങ്ങളേ കുറിച്ചൊക്കെ അറിയായിരിക്കും. അച്ചയക്കു പഴയ പുസ്തങ്ങളെ കുറിച്ചല്ലേ അറിയുന്നത്. പിന്നെ നീ ബുക്ക് എടുത്തു വെച്ചാൽ അച്ഛയ്ക്കും വായിക്കാല്ലോ. നോക്ക് കഴിഞ്ഞ മാസം ഞാൻ ആണ് നിന്നെക്കാൾ കൂടുതൽ പുസ്തകം വായിച്ചത്.’ അച്ഛ ചിരിച്ചു.
അച്ഛയുടെ മടിയിൽ കയറി ഇരുന്നു ലഡ്ഡു (ചെറിയ ലഡ്ഡുവിന്റെ ബൂന്തികൾ) കുഞ്ഞുങ്ങളേ ഓരോന്നായി പെറുക്കി തിന്നുന്ന കുട്ടിയും അച്ചയ്ക്കു ലഡ്ഡു മണമുള്ള ഒരു ഉമ്മ കൊടുത്തു.
കുട്ടി അന്നു രാത്രി മുത്തശ്ശിയ്ക്കു ഒപ്പം ഉറങ്ങാൻ കിടക്കുമ്പോ മുത്തശ്ശിയുടെ വക ക്രോസ്സ് വിസ്താരം തുടങ്ങി. (മുതിർന്ന ക്ലാസ്സിലായാലും കുട്ടിയ്ക്ക് ഉറങ്ങാൻ മുത്തശ്ശിയുടെ ശോഷിച്ച അമ്മിഞ്ഞയുടെ ചൂടുവേണം, മുത്തശ്ശിയുടെ കൈ നിവർത്തി ആ കൈ തലയണയാക്കി വെച്ചേഅവളുറങ്ങു).
‘ആരാ എന്താന്നു അറിയാത്ത പരിചയമില്ലാത്തൊരോട് മിണ്ടരുത്. പൊടിയിട്ട് മയക്കി പിള്ളേരെ തട്ടികൊണ്ട് പോകുന്ന പിള്ളേരെപിടുത്തക്കാരുണ്ടത്രെ?’
‘പിന്നെ ഞാൻ അത്ര കൊച്ചുന്നുമ്മല്ല എന്നെ ചാക്കിനാത്തിട്ടൊണ്ടു പോകാൻ’
‘അത് നേരാ ഈ നാക്ക് കാരണം പിടിച്ചോണ്ട് പോയാലും ഉടനെ പിടിച്ച കാട്ടിൽ തന്നെ തിരിച്ചു കൊണ്ടേ വിടും.’ മുത്തശ്ശി വിടുന്ന മട്ടില്ല
കുട്ടി ദേഷ്യത്തിൽ മുത്തശ്ശിയുടെ കൂടെ പുതപ്പു വലിച്ചെടുത്തു റാ പോലെ ചുരുണ്ടു കിടന്നു.
എന്നിട്ടൊർത്തു ശരിയാണ്
‘അയാള് ആരാണ് ? എന്താണ് അയാളുടെ പേര് ?’
ഇനി കാണുമ്പോൾ ചോദിക്കുക തന്നേ…
എന്നാൽ പിറ്റേന്നും അതിനടുത്ത ദിവസവും അയാളെ കണ്ടില്ല.
പതിവ് പോലെ പുസ്തകങ്ങളിൽ പരാതി നടക്കുമ്പോ അവളോർത്തു ഓർത്തു അയാൾ എവിടേ പോയത്?
കുട്ടി മാത്രമായിരുന്നില്ലേ അയാളെ തിരഞ്ഞിരുന്നത്?
“എന്തെ ഇന്ന് ഗന്ധർവനില്ലേ?”
സ്മിതചേച്ചിയാണ്..ചേച്ചി കോളേജിലാ പഠിയ്ക്കുക. ഇടയ്ക്കു പുസ്തകങ്ങൾ എടുക്കാൻ വരും. കുട്ടിയ്ക് വലിയ ഇഷ്ട്ടാ, ചേച്ചിയുടെ കയ്യിൽ 5 വരലല്ലാതെ ഒരു കുഞ്ഞു വിരൽ കൂടിയുണ്ട്. ചേച്ചി എന്നും കയ്യിൽ നല്ല ചന്തത്തിൽ മൈലാഞ്ചിയിടും, കുഞ്ഞി വിരലിൽ ഒരു കുഞ്ഞു ഗണപതി രൂപവും. ഇടയ്ക്കു ചേച്ചി കുട്ടിയ്ക്ക് കുപ്പിവളകൾ വാങ്ങി കൊടുക്കും.
“ഗന്ധർവ്വനോ?”
‘അതെ, അയാൾ ഇവിടെയുള്ളപ്പോ ഒരു വലിയ വാസനയില്ലേ?’ ഒരു പുസ്തകം അലമാരിയിൽ നിന്ന് എടുത്തു കുട്ടിയുടെ അടുത്ത് വന്നിരുന്നു ചേച്ചി ഏറ്റവും സ്വകാര്യായി പറഞ്ഞു.
‘ഉവ്വ്’ കുട്ടി ഒരിത്തിരി പേടിയോടെ മറുപടി പറഞ്ഞു.
‘അതെ അയാള് ഗന്ധർവ്വനാണു. കണ്ടില്ലെ കാവിനപ്പുറത്തു പാലപൂത്തു കിടക്കുന്നത്. ഗന്ധർവ്വന്റെ സാമീപ്യമുള്ളപ്പോഴാണ് പാലപൂക്കുന്നത് ’ ചേച്ചിയുടെ കണ്ണിൽ തിളക്കം. കുട്ടിയ്ക്കറിയാം കാവിൽ പാല പൂത്തിട്ടുണ്ട്.
അടക്കി ചിരിച്ചു കുട്ടിയുടെ മുന്നിലിരുന്ന പുസ്തകം പിടിച്ചു വാങ്ങി ചേച്ചി ചോദിച്ചു
‘ഇത് പറ. അയാള് നിന്നോട് മിണ്ടുവോ’
‘ആ.. ഒരീസം മിണ്ടി’
‘അത്രേ ഉള്ളു ..’
‘ങ്ങൂ …’
എന്ത് മിണ്ടി ?
‘എന്റെ കവിത ..എന്തോ ശരിയായില്ല എന്ന് പറഞ്ഞു’ (അപ്പൊ തന്നെയവളോർത്തു എന്തെ അങ്ങനെ പറഞ്ഞതു. അച്ഛൻ പറഞ്ഞത് അയാൾ നന്മയാണ് ഉദ്ദേശിച്ചത് എന്നല്ലേ?)
ചേച്ചി : ‘നിന്റെ കവിത ശരിയല്ലെന്ന് പറയാൻ ആയാളാരാ. മനുഷ്യ പറ്റില്ലാത്ത മനുഷ്യൻ. പോകാൻ പറ.’
അത് പറഞ്ഞു ചേച്ചി എണീറ്റു. പിറകെ കുട്ടിയും.
അന്തിക്കാറ്റിൽ പാലപ്പൂവിന്റെയും ആൽ ചുവട്ടിലെ എണ്ണ തിരിയുടെയും മണം ഒഴുകി വരുന്നുണ്ടായിരുന്നു. മണ്ണടർന്ന നാട്ടിടവഴിയിലൂടെ നടക്കുമ്പോ അവൾ ഓർത്തു.
അയാൾ മുത്തശ്ശി പറഞ്ഞപോലെ പിള്ളേരെ പിടുത്തക്കാരനാണോ അതോ സ്മിതേച്ചീ പറഞ്ഞപോലെ ഒരു ഗന്ധർവ്വനോ?
ഇനി അയാൾ വരുവോ ?
(തുടരും )
വാക്കുപെയ്യുമിടങ്ങളിലെ അയാളും ഞാനും (4)
“ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍
ആതിര വരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ..”
സ്കൂൾ കലാ മത്സരങ്ങളുടെ കാലം തുടങ്ങുകയായിരുന്നു...
വായനശാലയുടെ താഴത്തെ ഹാളിലിരുന്ന് സഫലമീയാത്ര കൃഷ്ണൻകുട്ടി സാറിനെ ചൊല്ലി കേൾപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് നേരത്തെ എത്തിയ ഒരു തുലാമഴയും കൊണ്ട് അയാൾ കേറി വന്നത് അയാൾക്കു മുന്നേ അയാളുടേത് മാത്രമായ ആ ഗന്ധവും.
മഴയിൽ കടൽ നീലിമയുള്ള അയാളുടെ ഷർട്ട് നഞ്ഞിരുന്നു. നെറ്റിയിൽ കൈ അമർത്തി നഞ്ഞതലമുടി പുറകിലേയ്ക് അയാളുടേതായ ശൈലിയിൽ ഒതുക്കി കുട്ടിയെ ഗൗനിക്കാതെ മേശപ്പുറത്തു കിടന്ന പത്രവും ചില ആനുകാലികങ്ങളും തിരഞ്ഞെടുത്തു അയാൾ മുകളിലേയ്ക്കു പോയി.
അയാളെ കാണാത്തതിൽ കുട്ടിയ്ക് തോന്നിയ ഒരു ചെറിയ നൊമ്പരം അയാളുടെ മുഖത്തെ ഗർവ് കണ്ടപ്പോ ഒലിച്ചു പോയി.
അപ്പോഴാണ് മുകളിലത്തെ നിലയിൽ താൻ മേശപ്പുറത്തു നിരത്തിയിട്ടിരുന്ന പുസ്തകങ്ങളെ കുറിച്ച വളോർത്തത്തു. ഇനി അതിന്റെ പേരിൽ വൃതിപ്പിശാച് മുഖം കറുപ്പിക്കണ്ട.
അവൾ ഓടി പോയി ആ പുസ്തകങ്ങളെടുത്തു യഥാസ്ഥാനത്തു വെയ്ക്കാൻ തുടങ്ങി.
അപ്പോൾ ഒരു പുസ്തകം അലമാരയിൽ നിന്ന് എടുക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.
‘ഈ സ്ഥിരം കവിതകൾ ഒന്ന് മാറ്റിപ്പിടിച്ചു കൂടെ?’
കുട്ടിയുടെ കയ്യിലേക്ക് ഒരു പുസ്തകം തുറന്നു വെച്ചിട്ടു അയാൾ പറഞ്ഞു.
‘പി... പി കുഞ്ഞിരാമൻ നായർ. മത്‌സരത്തിനു സമ്മാനം കിട്ടുമോ എന്നൊന്നുമറിയില്ല. പക്ഷെ കേരളം കണ്ട മഹാകവിയാണ് . വായിക്കുകയും, മനഃപാഠമാകുകയും, മാതൃകയാവുകയും ചെയ്യേണ്ടത് പി യെ പോലെ മത്സരവേദികളിൽ പ്രശസ്‌തരല്ലാത്ത കാമ്പുള്ള കവികളെയാണ്.
ചൊൽകാഴ്ചയുള്ള കവിതകൾ കേൾക്കാൻ രസമാണ്. എന്നാൽ പി യെ പോലെ യുള്ളവരുടെ കവിതകൾക്ക് വേറിട്ട ആത്മാവുണ്ട്. പി യുടെ കവിതകളിൽ ഒരു കാലഘട്ടത്തിന്റെ കേരളമുണ്ടു. അദ്ദേഹം ഓരോ വാക്കിലും തന്റെ മനസ്സാണ് പറിച്ചു വെച്ചിരിക്കുന്നത് എന്നത് കവിത മനസ്സിരുത്തി വായിച്ചാൽ അറിയാം.
കപടതകളില്ലാത്ത കവി എന്ന് പറയാം.
മത്സരത്തിന് സമ്മാനം കിട്ടാവുന്ന ഒരു കവിത തിരഞ്ഞെടുത്തു ചൊല്ലുന്നതിലല്ല കാര്യം. കലയോട്, കഥയാവട്ടെ, കവിതയാവട്ടെ, നാടകമാവട്ടെ നമ്മൾ മനസ്സ് ചേർത്ത് വെയ്ക്കുന്ന ഓരോ നിമിഷവും നമ്മൾ അതിനൊപ്പം ജീവിക്കുകയാവണം. അല്ലാതെ അത് വെറുമൊരു അധരവ്യായാമം മാത്രമാവരുത് ”
എന്നിട്ട് ആ പുസ്തകം കുട്ടിയ്ക്ക് കൊടുത്തു അയാൾ സ്വന്തം ഇരിപ്പിടത്തിലേയ്ക്, സ്വന്തം പുസ്തകങ്ങളിലേയ്ക്, സ്വന്തം ലോകത്തേയ്ക്ക് മടങ്ങി.
{ആ കുറി അവൾ മത്സരത്തിന് ചൊല്ലിയത് പി കുഞ്ഞിരാമൻ നായരുടെ കവിതയായിരുന്നു
സൗന്ദ്യര്യ ദേവത
“അത്രമേല്‍ പ്രാണനും പ്രാണനായ് നിന്നു നീ
യാത്ര പറയാതെ പോയതുചിതമോ...?” }
പിന്നെയും വായനശാലയും ‘അയാളുടെ ലോകത്തെ ആയാളും’ ‘കുട്ടിയുടെ ലോകത്തെ കുട്ടിയും’.
ആ ഇടയ്ക്കു കുട്ടി ഒരു പണി ഒപ്പിച്ചിരുന്നു.
(തുടരും)
വാക്കുപെയ്യുമിടങ്ങളിലെ അയാളും ഞാനും (5)
വായനശാലയിൽ നിരന്നു കിടന്നിരുന്ന വരികകൾക്കിടയിൽ, കുട്ടിവായിച്ചു പോന്നിരുന്ന ആനുകാലികങ്ങളിൽ ഒന്നിൽ അവളെ കൊരുത്തിടുന്ന ഒരു ബാലപംക്തിയുടണ്ടായിരുന്നു.
ആ ദിവസങ്ങളിൽ ഒന്നിൽ, ആരും അറിയാതെ ഒരു കൊച്ചു കവിത എഴുതി കള്ളപ്പേരിൽ പ്രമുഖ വാരികയുടെ ആ ബാലപംക്തിയ്ക് അയച്ചു കൊടുത്തു. പഠിക്കുന്നതിൽ രണ്ടു ക്ലാസ്സു കൂട്ടിയും വെച്ചു. ഇനി കൊച്ചു ക്ലാസ്സാണ് എന്ന് കരുതി അവര് വായിക്കാതെയിരിക്കണ്ട.
കുറച്ചു ദിവസങ്ങൾക്കു ശേഷം വീട്ടിലെ അഡ്രസ്സിൽ കുറിപ്പ് വന്നു പുതിയ ലക്കത്തിൽ കവിത അച്ചടിച്ചിട്ടുണ്ട്’.
അന്നു കുട്ടി വായനശാലയിലെ ആ മാസികയിൽ ആ കവിത കണ്ടു.
അവൾക്കു സന്തോഷവും സങ്കടവും തോന്നി.
ആരോ ആ മാസിക പിന്നിൽ നിന്ന് വലിക്കുന്നല്ലോ.
അയാളാണ്.
അയാൾ ആ മാസികയുടെ സ്ഥിരം വായനക്കാരനാണ്. അവൾ വിട്ടു കൊടുത്തു. എന്നിട്ടു തന്റെ പതിവ് സ്ഥലത്തു പോയി പുസ്തകം തുറന്നു എന്തോ എഴുതാൻ തുടങ്ങി.
‘കള്ളി...’
അയാൾ ആദ്യയാണ് അങ്ങനെയൊന്നു വിളിക്കുന്നത്. അവൾ അമ്പരന്നു.
അയാൾ : “...” എന്താണ് ഇങ്ങനെയൊരു പേര്?’
‘എന്ത്’ കുട്ടി ഒന്നും അറിയാത്തതു പോലെ ചോദിച്ചു.
‘എന്താണ് സ്വന്തം പേരിലെഴുതിയാൽ ?’
പിടിക്കപ്പെട്ടു എന്ന് അവൾക്കു ഉറപ്പായി. അയാൾക്കു മനസ്സിലായിരിക്കുന്നു അത് തന്റെ കവിതാണെന്നു.
‘എനിക്ക് നാണക്കേടാ?’
‘എന്തിനു കവിത എഴുതുന്നതിനോ?’ കുട്ടിയുടെ മുന്നിലേക്ക് ഒരു കസേര വലിച്ചിട്ടു കുട്ടിയുടെ കണ്ണിൽ നോക്കി അയാൾ ചോദിച്ചു.
‘ എഴുതാൻ തോന്നുന്നത് എഴുതുക അത് നമ്മളെ ശുദ്ധികരിക്കാനുള്ള ഒരു മാർഗ്ഗമാണ്. ഇനി എഴുതുന്നത് ആരെയെങ്കിലും കാണിക്കുന്ന കാര്യത്തിൽ നാണക്കെട് തോന്നിയാൽ അത് ചെയ്യരുത്. പക്ഷെ എന്തിനാണ് നാണക്കെട് തോന്നുന്നത് എന്ന് ആദ്യം ആലോചിക്കണം. നമുക്ക് ഉത്തമ ബോധ്യമുള്ള ഒരു വിഷയത്തെ കുറിച്ചോ വികാരത്തെ കുറിച്ചോ എഴുതുകയോ പറയുകയോ ചെയ്‌താൽ അതും ‘നമ്മൾ’ ആണ്. അതിനെ കുറിച്ച് ഒരു നാണക്കേടും തോന്നേണ്ട കാര്യമില്ല. നമ്മൾ നമ്മളല്ലാതെ ഇരിക്കുന്ന അവസ്ഥയിലാണ് നാണക്കേട് തോന്നേണ്ടത് അല്ലാതെ നമ്മുടേതായ വാക്കിലും വരികളുമല്ല ’
കുട്ടി നിരത്തിയിട്ട പുസ്തകങ്ങൾ അടുക്കി വെച്ചു കൊണ്ട് അയാൾ തുടർന്നു.
‘ഇനി പേരിനെ കുറിച്ചാണെങ്കിൽ ഒരിക്കലും സ്വന്തം പേരിൽ മാനക്കേട് തോന്നരുത്. കുട്ടിയായിരുക്കുമ്പോൾ മുതൽ നമ്മൾ രൂപപ്പെടുത്തുന്നതാണ് നമ്മുടെ പേര്, അത് കേവലം ഒന്നോ രണ്ടോ വാക്കല്ല. ആ പേര് കേൾക്കുമ്പോൾ ഒരാൾ നമ്മുടെ രൂപം മാത്രമല്ല നമ്മൾ അവരിൽ ഏൽപ്പിച്ച നമ്മുടേതായ കുറെയേറെ കാര്യങ്ങൾ കൂടി ഓർക്കും. ആ ഓർമ്മപ്പെടുത്തൽ ഉണ്ടാക്കുന്നത് നമ്മുടെ ഇടപെടലുകളാണ്. ഓരോ ദിവസവും നമ്മൾ നമ്മുടെ പേരിനെ വളർത്തുകയും തളർത്തുകയും ചെയ്യുന്നുണ്ട്. നമ്മുടേത് എന്ന് പറയാവുന്ന അപൂർവ്വം കാര്യങ്ങളിൽ ഒന്ന് “പേരാണ്”. Identity എന്ന് പറയും അതിനു. അത് ഒറ്റപ്പേരല്ല. മുഴുവൻ പേര്. എവിടെയും അഭിമാനത്തോടെ മുഴുവൻ പേര് പറയണം. കേട്ടല്ലോ ’ അതുവരെ ഗൗരവമായി ഇരുന്ന അയാളുടെ മുഖത്ത് ഒരു ചെറിയ ചിരി പടർന്നു.
കുട്ടിയുടെ കണ്മഷികണ്ണുകളെ നനച്ചിരുന്ന ഒരു തുള്ളി കണ്ണ് നീര് അടർന്നു അയാളുടെ കൈപ്പത്തിയിൽ വീണു.
അത് കണ്ടു അയാൾക്കും നൊന്തോ, പെട്ടെന്നു ഈ ഭൂമിയിലെ ആർദ്രത മുഴുവൻ വാക്കുകളിൽ നിറച്ചു അയാൾ പറഞ്ഞു.
‘ഞാൻ ഇയാള് കരയാൻ പറഞ്ഞതല്ല. ഇപ്പോഴും നമുക്കു എല്ലാം ശരിയായിട്ടു ചെയ്യാൻ പറ്റൂല്ല, തെറ്റ് പറ്റും അത് ചൂണ്ടി കാണിക്കുകയും തിരുത്തുകയും വേണ്ടേ? എനിയ്ക്കു ഒരു തെറ്റ് പറ്റിയാൽ ഇയാള് അത് തിരുത്തി തരില്ലേ?’
അവൾ തലകുലുക്കി. ‘ഒരൽപ്പം അഭിമാനവും തോന്നിയോ അയാളെ തിരുത്താനും മാത്രം മിടുക്കിയായ ഞാൻ’ അവൾക്ക് സന്തോഷം തോന്നി, ഒരൽപം നാണവും
അപ്പോൾ പോക്കറ്റിൽ നിന്ന് പേനയെടുത്തു അയാൾ ഒരു അഡ്രസ് എഴുതി അവൾക്കു കൊടുത്തു.
“ഇതാ ആ പത്രാധിപരുടെ അഡ്രസ്സാണ്. അദ്ദേഹത്തിന് സത്യം തുറന്നു പറഞ്ഞു എഴുതണം. ആൾക്ക് കുട്ടികളെ വലിയ ഇഷ്ട്ടമാണ്.”
ഒരു തുറന്ന ചിരിയോടെ കുട്ടി തലകുലുക്കി സമ്മതിച്ചു. അയാളുടെ മുഖത്തും അപ്പോൾ ഏറ്റവും സുന്ദരമായ ഒരു ചിരി വിടർന്നു. രണ്ടു മനസുകൾ ഒരു ചിരിയിൽ ഒന്നാകുന്നുവെങ്കിൽ അത് അത്തരം നിമിഷങ്ങളിൽ ഒന്നായിരുന്നു.
{അയാൾ പറഞ്ഞതനുസരിച്ചു കുട്ടി പത്രാധിപർക്ക് കത്തയച്ചു. കുട്ടിയ്ക്ക് മറുപടി വന്നു. ആ പത്രാധിപർക്ക് ചെല്ലുന്ന സ്ഥിരം കത്തുകളിലൊന്നു പിന്നെ കുട്ടിയുടേതായി }
കുട്ടി സ്വന്തം പേരിൽ കവിതകളെഴുതാൻ തുടങ്ങി. അത് നാട്ടിൽ നിന്നുള്ള ലെറ്റർ മാഗസിനുകളിൽ അടിച്ചു വരാനും.
ആ കവിതകൾ വരുന്ന ലെറ്റർ മാഗസിനുകൾ വായനശാലയിലെ ലൈബ്രെറിയന്റെ മുന്നിലെ മേശയിൽ ഓറഞ്ചും മഞ്ഞയും നിറമുള്ള പേപ്പർ വെയിറ്റിന് അടിയിൽ ഇരുന്നു..ആരൊക്കയോ വായിച്ചു..പിന്നെ അവിടെ നിലത്തു കിടന്നു ആരൊക്കയോ ചവിട്ടി.
ഒരു ദിവസം ലൈബ്രെറിയൻ മമ്മിയോട് ലൈബ്രറിനടയ്ക്കൽ വെച്ച് പറഞ്ഞു പറഞ്ഞു
“ഇവള് നന്നായിട്ട് എഴുതുന്നുണ്ടല്ലോ”.
“ശരിയാ, പക്ഷെ ഒന്നും നേരെ ചൊവ്വേ എഴുതി വെക്കില്ല അവിടേയും ഇവിടെയുമൊക്കെ എഴുതിയിടും ഇന്നാള് കണ്ടു റേഷൻ കാർഡിന്റെ പുറകിൽ കവിത എഴുതി വെച്ചിരിക്കുന്നത് ’
അത് പറഞ്ഞു മമ്മി പൊട്ടിചിരിച്ചു ലൈബ്രെറിയനും.
കുട്ടിയ്ക്ക് നാണക്കേട് തോന്നി, ലൈബ്രറി തുറക്കാൻ കാത്തു അയാള് നില്കുന്നുണ്ട്. അയാള് കേട്ടോ ആവോ.
ഇല്ലാന്ന് തോന്നുന്നു അയാള് കുട്ടിയോട് അതിനെക്കുറിച്ച് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.
എന്നാലും അവർ ഒറ്റയ്ക്കുന്ന വൈകുന്നേരങ്ങളിൽ അയാൾ അശരീരി പോലെ ചില ചോദ്യങ്ങൾ കുട്ടിയോട് ചോദിക്കും. തർക്കിക്കും. എന്നിട്ട് ചില പുസ്തകങ്ങൾ വായിക്കാൻ പറഞ്ഞു കൊടുക്കും. MT യിൽ നിന്ന് OV വിജയനിലേയ്കയ്കും, ആനന്ദിലേയ്കും, ബാലരമയിൽ നിന്ന് റീഡർ ഡിജിസ്റ്റിലേയ്ക്കും, കുട്ടി മാറി നടന്നത് അയാൾ അലമാരയിൽ നിന്നും കുട്ടിയുടെ മുന്നിലെയ്ക്ക് എടുത്തു വെച്ച് കൊടുത്ത ചില പുസ്തകങ്ങളിലൂടെയാണെന്നു പറയാം.
Kafka യും Heidegger ഉം Nietzsche യും sigmund freud ഉം കുട്ടി അത് വരെ കേൾക്കാത്ത പേരുകളായിരുന്നു. പ്രസംഗങ്ങളും ഉപന്യാസങ്ങൾക്കും quote ചെയ്യാൻ ഉപയോഗിച്ചിരുന്ന പേരുകളിൽ നിന്ന് അവരും അവരുടെ എഴുത്തും ഒരു കാലഘട്ടവും കുട്ടിയ്ക്ക് മുന്നിൽ അനാവൃതമായി. അയാൾ പറയുന്നത് പലതും മനസിലായില്ലങ്കിലും ഓരോന്നു പറയുമ്പോഴും ഓരോ പുസ്തകങ്ങൾ അയാൾ കുട്ടിയ്ക് മുന്നിലേയ്ക്ക് നീക്കി വെയ്ക്കും.
ഓരോ വാക്കോ നോക്കോ ചിന്തയോ പോലും അയാൾ അവളിൽ അടിച്ചേൽപ്പിച്ചില്ല. പകരം ഒന്നേ പറയാതെ പറഞ്ഞുളളു.
‘തനിയെ ചിന്തിക്കു..’
താജ്മഹാളിന്റെ പടം നോക്കി താജ്മഹാളിഷ്ട്ടണെങ്കിലും ഷാജഹാനെ വെറുക്കുന്നു എന്ന് പറഞ്ഞ കുട്ടിയോട്, ബ്രിട്ടീഷുകാരാൽ നിർമിക്കപ്പെട്ട ചരിത്രത്തിനുമപ്പുറം മറ്റൊരു യാഥാർഥ്യം ഉണ്ടാവാം എന്ന് പറഞ്ഞയാൾ.
രാഷ്ട്രീയ നിർമിതി കൂടിയാകുന്ന ചരിത്രത്തെ കുറിച്ച് ആദ്യം പറഞ്ഞവൻ.
വായിക്കുന്ന ചരിത്രത്തിനുമപ്പുറം എഴുതപ്പെടാത്ത മറഞ്ഞിരിക്കുന്ന മറ്റൊരു യഥാർത്ഥത്തിന്റെ ജാഗ്രതയും സാധ്യതയും എന്തിലും ഏതിലും പുലർത്തണമെന്നു പറഞ്ഞയാൾ.
അവൾ വായിക്കുന്ന പുസ്തകം നോക്കി അതിലെ കഥാപാത്രത്തെ അയാൾ ചിലപ്പോൾ വിമർശിച്ചു, കുട്ടി തിരിച്ചു ന്യായീകരിച്ചു. ചിലപ്പോൾ തിരിച്ചും.
ചിലപ്പോഴൊക്കെ കുട്ടി അയാളോട് ചോദിക്കുന്ന സംശയങ്ങൾ അയാളെ ചിരിപ്പിച്ചു, ചിലപ്പോൾ അയാൾ മൗനമായി, ചിലപ്പോൾ അറിയില്ല എന്ന് പറഞ്ഞു. ചിലപ്പോഴൊക്കെ ഒരു ചെറിയ ചിരിയോടെ കുട്ടിയുടെ ചോദ്യങ്ങൾ അയാൾ തന്റെ ഡയറിയിൽ കുറിച്ചിട്ടു. ആ നിമിഷങ്ങളിൽ അവൾക്കു കുറെ സന്തോഷം തോന്നും. ആ കുറിപ്പുകൾക്കു ഒടുവിൽ തന്റെ കൈ നെറ്റിയിൽ വെച്ച് അമർത്തി അയാൾ അയാളുടെ മുടി പുറകിലേക്കു കൊത്തും. എന്നിട്ട് കൈ കെട്ടി പാതി ചിരിച്ചു ഒന്ന് ഇരുത്തി മൂളും.
‘ഹമ് …’
അപ്പോൾ കുട്ടിക്കറിയാം ആ ചോദ്യം നന്നായി. അയാൾക്കു ബോധിച്ചു.
എങ്കിലും അപ്പോഴും അവർക്കിടയിൽ ഒരു പാട് മൗനമുണ്ടായിരുന്നു. ഒന്നും മിണ്ടാതെ മിഴിയും മൊഴിയുമുടക്കാത്ത ദിവസങ്ങളുണ്ടായിരുന്നു.
കുട്ടിയെ ഒരു വ്യക്തിയായി കണ്ടു സംസാരിച്ചയാൾ .
എങ്കിലും ഒരിക്കലും അയാൾ കുട്ടിയെ കുറിച്ചോ, കുട്ടി അയാളെ കുറിച്ചോ ഒന്നും ചോദിച്ചില്ല.
ഒരിക്കൽ ഒഴികെ.
വാക്കുപെയ്യുമിടങ്ങളിലെ അയാളും ഞാനും (5)
“Raskolnikov* റസ്കിൽനികോവ്, അയാൾക്ക് ഒരിക്കലെങ്കിലും തന്റെ പ്രവൃത്തിയുടെമേൽ പശ്ചാത്താപം തോന്നിയിട്ടുണ്ടാവില്ലേ? ഇല്ലെങ്കിൽ അയാൾ ഒരു ചെകുത്താനാണ്.” കുട്ടി ഉറപ്പിച്ചു പറഞ്ഞു.
“അങ്ങനെയവണം എന്നില്ല ചില വ്യക്തികൾ അവർ മറ്റുള്ളവരിൽ നിന്നും മുകളിലാണ് എന്നും അവർക്കു സാമൂഹികമായ ചില അധിക അധികാരങ്ങൾ ഉണ്ടെന്നും സ്വയം വിശ്വസിക്കുന്നു. അങ്ങനെ അവർ വിശ്വസിക്കുകയാണ് എന്ന് പോലും അറിയാത്ത വിധത്തിൽ സുപ്പീരിയോരിറ്റി കോംപ്ലക്സ് ഉള്ള ഒരു മനോനിലയാണ് അവരുടേത്. അത് കൊണ്ട് തന്നെ തങ്ങളുടെ ‘കുറ്റം’ കുറ്റമായി തിരിച്ചറിയുന്നതിലേയ്ക് അവരുടെ മനസ്സ് എത്തുന്നില്ല. റസ്കിൽനോവ് അങ്ങനെ ഒരുവനാണ്.’
കുറ്റവും ശിക്ഷയും എന്ന പുസ്തകത്തെ കുറിച്ച് കുട്ടിയും ആയാളും സംസാരിച്ച ദിവസങ്ങളിൽ ഒന്നായിരുന്നു അത്. അയാൾ തുടരുകയാണ്...
“ടോൾസ്റ്റോയിയുടെ കഥകളിൽ ഇങ്ങനെയുള്ള പല കഥാപാത്രങ്ങളെ കാണാം’
. അയാൾക്കു ടോൾ സ്റ്റോയിയോട് വെറുപ്പാണോ എന്ന് കുട്ടിയ്ക്ക് തോന്നിയിരുന്നു. അയാൾ പറയുന്നതു ടോൾ സ്റ്റോയി എല്ലാ സുഖസൗകര്യങ്ങളിലും നിന്ന് കഥകളെഴുതിയപ്പോ Fyodor എല്ലാ യാതനകളിൽ നിന്നും തന്നെ കുറിച്ചിട്ടു എന്നാണ്. അത് കൊണ്ട് ഫയദോറിന്റെ രചനകൾക്ക് കൂടുതൽ ആഴമുണ്ട് എന്ന്. കുറ്റവും ശിക്ഷയും അയാളുടെ പ്രിയപ്പെട്ട പുസ്തകങ്ങളിൽ ഒന്നായിരുന്നു.
റസ്കിൽനികോവിനെ അയാൾ ന്യായീകരിക്കയാണോ എന്ന് തോന്നിയ കുട്ടി, എന്തോ എതിർത്ത് പറയാൻ ഒരുങ്ങി.
ഒരു നിമിഷം നിശബ്ദമായി ഇരുന്നു ചോദിക്കണ്ണോ വേണ്ടയോ എന്ന് മടിച്ചു അയാൾ ചോദിച്ചു
“വക്കീലാവാനാണു ഇഷ്ട്ടമെന്നു കേട്ടു.”
“ഹമ്”
“അതെന്താ അങ്ങനെ ഒരിഷ്ട്ടം. കുടുംബത്ത് ആരെങ്കിലുമുണ്ടോ?”
“ഇല്ല”
“പിന്നെ?”
“ചുമ്മാ”
“ചുമ്മാതൊ”
മറിയുന്ന പത്രത്താളുകൾക്കു ഒപ്പം മറിയുന്ന ചിരിയൊച്ച.
ഇത്തിരി ദേഷ്യം കലർന്ന കുട്ടിയുടെ സ്വരം അതിനെ മറികടന്നു മുഴങ്ങി
‘എനിക്ക് വക്കീൽ ആവണേനും അപ്പുറത്ത് ആളുകൾ എന്തിനാ ഈ കൊള്ളയും കൊലയുമൊക്കെ ചെയ്യുന്നെന്ന് അറിയണം ആ റസ്കിൽനികോവിനെപ്പോലെ ’
‘എങ്കിൽ ‘അതിനു വക്കീൽ ഭാഗമല്ല, ക്രിമിനോളജിയാണ് പഠിക്കേണ്ടത്?’
“ക്രിമിനോളജിയോ”
അതെ അത് ഈ വിഷയത്തെക്കുറിച്ചു ആധികാരികമായി പഠിക്കുന്ന ശാസ്ത്രശാഖയാണ്. LLB യ്ക്ക് അത് ഒരു വിഷയമാണ് എന്ന് തോന്നുന്നു. എന്നാൽ അത് മുഖ്യവിഷയമായി പഠിപ്പിക്കുന്ന ഒരു കോളേജ് ഇവിടെ ഉണ്ടോ എന്നറിയില്ല. ബോംബെയിലും ഡൽഹിയിലുമൊക്കെയുണ്ട്.”
കുട്ടിയ്ക്ക് അത് ഒരു പുതിയ അറിവായിരുന്നു.
പതിയെ ഒന്ന് ശങ്കിച്ചു കുട്ടി ചോദിച്ചു.
“ഇയാള് ഡെൽഹിക്കണോ പോണത് “
“ഹാ എന്നെ കുറിച്ച് CID വർക്ക് ഒക്കെയുണ്ടോ” മുഴക്കമുള്ള ചിരിയുടെ ഒച്ച ഒന്നുകൂടി ഉയർന്നു.
കുട്ടിയ്ക്ക് മുൻശുണ്ഠി തോന്നി.
“ആരാണ്ടു ഇവിടെ പറയുന്ന കേട്ടു ഇയാള് എന്തോ വലിയ പരീക്ഷയ്ക്ക് പഠിക്കുകാന്നു. അതാ.”
“ആയിക്കോട്ടെ” ഇംഗ്ലീഷ് പത്രം മടക്കി വെച്ച് അന്നത്തെ മാസികകളും അടുക്കിയെടുത്തു പോകാൻ ഇറങ്ങുമ്പോൾ അയാൾ പറഞ്ഞു.
“കാൺപൂർ, കാൺപൂർ ആണ് ലക്‌ഷ്യം. അതില്ലെങ്കിൽ ഡൽഹി? JNU എന്ന് കേട്ടിട്ടുണ്ടോ’
ചുമലു കുലുക്കി കുട്ടി ഇല്ല എന്ന് പറഞ്ഞു.
“ഇനി കേൾക്കും. കേട്ടാൽ മാത്രം പോരാ അവിടെപ്പോയി പഠിക്കുകയും വേണം.”
അയാൾ ഇറങ്ങി നടന്നു.
….
പിറ്റേന്ന് കാൺപൂരിനെ കുറിച്ച് കൂടുതൽ ചോദിക്കണമെന്നു കുട്ടിയ്ക്ക് തോന്നി. പക്ഷെ ചോദിച്ചില്ല. ചില ബന്ധങ്ങൾ അങ്ങനെയാണല്ലോ ഒരു നിശ്ചിത നേർരേഖയിൽ അലിഘിതമായ ചില നിയമങ്ങളോടെ അത് സഞ്ചരിക്കും. നമുക്കു ആ നേർവരയിൽ നിന്ന് ഒരു മിഴിപറച്ചു നടാൻ പോലും കഴിയില്ല. എന്തോ ചരട് അത് നമ്മെ എവിടെയോ കൊരുക്കുന്നു.
…..
അങ്ങനെ ക്രിസ്മസ് അവധിയും വന്നെത്തി.
ആ അവധി കുട്ടി അമ്മയുടെ വീട്ടിലാണ് ആഘോഷിച്ചത്. പിന്നെ കുറച്ചു ദിവസങ്ങൾക്കു ശേഷം വീട്ടിൽ എത്തി പനി പിടിച്ചു കിടന്നു. അത് കഴിഞ്ഞു വായനശാലയിൽ എത്തിയപ്പോ അയാൾ ഇല്ല..
അയാൾ വന്നതേയില്ല.
കുട്ടി ഓർത്തു എവിടെയോ പരീക്ഷ എഴുതാൻ പോയതാവും അയാൾ വരും. വരാതിരിക്കില്ല.
അയാൾ തീർത്തു പോയ ശൂന്യതയിൽ പുസ്തകങ്ങൾക്കിടയിൽ അവൾ അയാളെ കാത്തിരുന്നു.
അങ്ങനെ ഒരു ദിവസം ലൈബ്രെറിയന് കുട്ടിയെ ഒരു പൊതി ഏൽപിച്ചു. ദേ നിനക്കുളളതാ. കുറെ ദിവസമായി ഇവിടെ ഇരിയ്ക്കുന്നു, എന്നും തരാൻ മറക്കും.
കുട്ടി : എന്തോന്നാ ഇത്?
ലൈബ്രെറിയൻ : ‘ നിന്റെ കൂട്ടുകാരൻ തന്നതാ...’
കുട്ടി : കൂട്ടുകാരൻ? ??
കുട്ടി ആ പത്രക്കടലാസ് തുറന്നു.
ഒന്നു ഒരു ഡയറിയാണ്: അതിൽ ഒരു കുറിപ്പു : ഇനി മനസ്സിൽ വരുന്നത് അവിടെയും ഇവിടെയും കുറിയ്ക്കരുത്. അത് ഡയറികുറിപ്പുകളായി എഴുതി ഇടണം. മനസ്സിൽ വരുന്നത് അതെന്തു തന്നെയായാലും എഴുതണം, ഡയറിക്കുറിപ്പുകൾക്കു അപ്പുറത്തേയ്ക്ക് വളരണം. നീ വായിക്കപ്പെടുന്ന ഒരു നാൾ ഉണ്ടാവുക തന്നെ ചെയ്യും. Trust me.
പിന്നെ ആ പുസ്തകം : ഖസാക്കിന്റെ ഇതിഹാസം.
അതിന്റെ ആദ്യപുറങ്ങളിൽ ഒന്നിൽ ഇങ്ങനെ കുറിച്ചിരുന്നു.
“എന്റെ
അമ്മിണി കുട്ടിയ്ക്ക്.”
……………..
*കുറ്റവും ശിക്ഷയും എന്ന നോവലിലെ പ്രമുഖ കഥാപാത്രം.
*****************
ഇത്രയും കൊണ്ട് എഴുതി അവസാനിപ്പിച്ച നോവെൽറ്റ് ആയിരുന്നു. എന്നാൽ ഇത്രയും വായിച്ച സുഹൃത്തുക്കൾ ഒരു പൂർണ്ണരൂപം വരാൻ ഒരു അവസാനകാണ്ഡം വേണം എന്ന് അഭിപ്രായം പറഞ്ഞു. അത് കൊണ്ട് ഇനി വരുന്നത് രണ്ടു വ്യത്യസ്ത അവസാന ഭാഗങ്ങൾ ആണ്.
ഇവിടെ എഴുതി തുടങ്ങുമ്പോ ആരെങ്കിലും വായിക്കുമോ എന്ന് സംശയം ഉണ്ടാരുന്നു. ഇത് എഴുത്തിലെ ഒരു ശ്രമമായിരുന്നു. എന്നാൽ പ്രതീക്ഷിക്കാത്ത ഒരു പാട്പേര് വായിച്ചു നല്ലതു പറഞ്ഞു. എല്ലാ നല്ല വാക്കുകൾക്കും നന്ദി. കുട്ടിയേയും അയാളേയും സ്നേഹിച്ച എല്ലാവര്ക്കും നന്ദി.
Comments