Skip to main content

യോഗാ മാഷു വരുന്നേ....ഓടിക്കോ.


......
അമ്മിണികുട്ടിയും യോഗപഠിച്ചിട്ടുണ്ട്.
ഒരുതവണയല്ല 3 തവണ. അമ്മച്ചിയാണേ സത്യം.
90 കളുടെ തുടക്കം. 
ശബരിമലവണ്ടികൾ പൊടി പറത്തി റബർക്കാടിനു ഇടയിലൂടെ ചീറിപായുന്ന ഒരു വൃശ്ചികമാസം.
യാതൊരു പണിയും ഇല്ലാതെ പഠിക്കാനുള്ള പുസ്തകം ദിവസങ്ങൾക്കു മുന്നേ പൂജവെച്ചു, തോട്ടിൽ ചാടിയും, പേരയ്ക്ക പറിച്ചും, വേലിയ്ക്കു പുറത്തു ചാഞ്ഞു നിൽക്കുന്ന ചെടികളുടെ കൊമ്പു ഓടിച്ചും, തുറന്നു കിടക്കുന്ന ഗേറ്റുകളുള്ള വീടുകളിലെ വീട്ടുകാർക്ക് നോക്കാനും വെള്ളമൊഴിക്കാനും സമയമില്ലാത്ത കൊണ്ട് (അത് കൊണ്ട് മാത്രം) ആ വീടുകളിലെ ഭംഗിയുളള ചെടികൾ യഥാസമയം പറിച്ചു സ്വന്തം വീട്ടിൽ കൊണ്ടു നട്ടു പ്രകൃതി സ്നേഹിയായി അമ്മിണികുട്ടിയും പരിവാരങ്ങളും തങ്ങളുടെ അവധി ദിവസങ്ങൾ പരമാവധി സംഭവബഹുലമാക്കി കൊണ്ടിരുന്നപ്പോഴാണ് ഇടിതീ പോലെയാവർത്ത വരണത്.
പൂജയെടുപ്പിനു ശേഷം യോഗാ ക്ലാസ് തുടങ്ങുന്നു !!!
'അലഞ്ഞു തിരിഞ്ഞു അലമ്പ് കാണിച്ചു നടക്കുന്ന ഞങ്ങളെയെല്ലാം പിടിച്ചു യോഗാ ക്ലാസ്സിൽ ചേർക്കുന്നു. ഇനി മുതൽ എല്ലാ ശനിയും ഞായറും യോഗാ ക്ലാസ്'.
അന്നുവരെ ഞങ്ങളാരും ദൈവം സഹായിച്ചു ഒരു യോഗാ ക്ലാസ് കണ്ടിട്ടില്ല. ആകെ കേട്ടിട്ടുള്ളത് നാട്ടിലെ പ്രശസ്തനായ കാരാട്ടാ സാറിനെ കുറിച്ചാണ്.
അന്ന് ഏറ്റവും പേടി സിനിമയിലെ വില്ലന്മാരെയാണ്. ബാബു ആന്റണിയെ പ്രത്യേകിച്ചും.
ഈ മാഷ് ശ്രീ ബാബു ആന്റണിയുടെ മാഷാണ്. അപ്പൊ ശ്രീ ബാബു ആന്റണി സിനിമയിൽ "മോൻ"ലാലിനെയൊക്കെ (ഏതാണ്ട് ഹൈസ്കൂൾ വരെ ആ മഹാനുഭാവന്റെ പേര് മോൻലാൽ എന്നാണ് അമ്മിണികുട്ടി ധരിച്ചു വെച്ചിരുന്നത്) എടുത്തിടയ്ക്കുമ്പോ ഞങ്ങൾ കുട്ടികൾ കാണുന്നത് നമ്മുടെ നാട്ടിലെ സാർ അവരെ എടുത്തിട്ടിടിക്കുന്നതായിട്ടാണ്. ശിഷ്യൻ ഇത്ര മിടുക്കാനാകുമ്പോ സാർ എത്ര വില്ലന്മാരെ അടിച്ചൊതുക്കിയിട്ടുണ്ടാവും? അതുകൊണ്ടു ഈ മാഷേ എവിടെങ്കിലും കണ്ടാൽ ഞങ്ങൾ കുട്ടിയോള് ഓടി പോയി ഒളിച്ചിരിക്കും എന്നിട്ടു പതുങ്ങി നോക്കും. മാഷ് വില്ലന്മാരെ ഇടിക്കുന്നുണ്ടോ? ഞങ്ങളുടെ പ്രതീക്ഷ ഒരുകാലത്തതും പൂ അണിഞ്ഞില്ല. ( ഇത്രയും സാത്വികനായ ഒരു കരാട്ടെ മാഷേ വേറെ കണ്ടിട്ടില്ല എന്നതും ഒരു പരമാർഥം)
പാച്ചു പറഞ്ഞു "യോഗാ കാരട്ടയെക്കാൾ വലുതാ, നമ്മളെ ആദ്യം കാലിൽ കയറു കെട്ടി തല കീഴായി തൂക്കിയിടും. അങ്ങനെ കിടക്കുമ്പോ രക്തം തലയിലോട്ട് വരും. യോഗയുടെ ഫുൾ ഗുട്ടൻസ് തലയിലാണ്. ഈ യോഗക്കാരാണ് പറന്നു അടിക്കുന്നത് നമുക്കു രണ്ടു വാള് തരും. ഹാ ഹൂ എന്ന് വെച്ച് നമ്മള് പറന്നു വാളുകൊണ്ട് വെട്ടണം. അങ്ങനെ പറക്കാൻ കാലിനു ഭാരം കുറയാനാണു നമ്മളെ ആദ്യം തലകീഴായി കെട്ടി തൂക്കിയിടുന്നത് (പാവം എവിടെ നിന്നോ കണ്ട കുറച്ചു കളരി പയറ്റ് സ്ക്രിപ്റ്റിൽ മിക്സ് ചെയ്തതാണ് എന്ന് അന്ന് ഞങ്ങൾ അറിഞ്ഞില്ല.)
എന്നിട്ട് തിരിഞ്ഞു അമ്മിണിയോട് , അമ്മിണി അവര് കാലിലാണ് വെട്ടാൻ പഠിപ്പിക്കുന്നെ പിന്നെ നീയാണ് കൂട്ടത്തിൽ കുരുട്. സൂക്ഷിച്ചും കണ്ടുമൊക്കെ നിന്നോണം. ചിലപ്പോ വാള് നിന്റെ തലേം കൊണ്ട് പോകും."
ഹമ്മേ, അമ്മിണികുട്ടി തല തപ്പി നോക്കി ഉണ്ട് ഉണ്ട് അവിടെ തന്നെയുണ്ട്. രാവിലെ അമ്മ കെട്ടിവെച്ചു തന്ന രണ്ടു കൊമ്പുടക്കം എല്ലാം യഥാസ്ഥാനത്തു ഉണ്ട്.
"അതെ യോഗാക്ലാസ്സിനു പോകാതെ ഇരുന്നാലോ." ലച്ചുവിന്റെ ആണ് സംശയം.
പാറു : അതെ അമ്മ എല്ലാരുടെയും ഫീസ് കെട്ടി ഇനി പോകാതെ ഇരിക്കാൻ ഒന്നും പറ്റൂല്ല.
(മറ്റൊരു നാട്ടിൽ നിന്ന് ജീവിതം പ്രത്യേക കാരണങ്ങളാൽ പുതിയൊരു നാട്ടിലേയ്ക്ക് പറിച്ചു നടപ്പെട്ട ഒരാളെ സഹായിക്കുക എന്ന വലിയ ഉദ്ദേശമാണ് ഈ ക്ലാസിനു പിന്നിലെന്ന് ബാല്യത്തിന്റെ കുതൂഹലങ്ങളിൽ കുരുങ്ങികിടന്നിരുന്ന "ചെറുത്തുകൾക്കു" അന്നറിയില്ലല്ലോ)
വരാനുള്ള യോഗം/ യോഗ വഴിയിൽ താങ്ങില്ലലോ. അത് ഒരു ഹേർകൂലീസ് സൈക്കളിൽ കയറി വളവു തിരിഞ്ഞു വരുന്നു.
"അതാണ് യോഗാമാഷ്"
ആറടി ഉയരത്തിൽ ഒരു ഘടാഘടിയന്‍ സൈക്കിളിൽ ഞങ്ങളുടെ മുന്നിലൂടെ പറന്നു പോയി.
നാട്ടിലെ പഴയൊരു പഴക്കടയുടെ പിന്നിലെ ഷെഡിലാണ് യോഗ പഠിപ്പിക്കുന്നത്. ഗൗരിഅമ്മയുടെ വീട്ടിനു പിന്നിലെ മതിൽ കയറി ഇരുന്നു നോക്കിയാൽ ദാ കാണാം യോഗാ ഷെഡ്.
ഉണ്ട് ഉണ്ട് നിറയെ കയറുകൾ കെട്ടി തൂക്കിയിട്ടിട്ടുണ്ട്.
സൂക്ഷിച്ചു നോക്കിയാൽ ആ കയറിൽ കിടന്നാടുന്ന ഞങ്ങളുടെ കൊലുസിട്ട കുഞ്ഞി കാലുകൾ നിങ്ങൾ കാണുന്നില്ലെ?
മതിലിനു മുകളിലിരുന്ന് ആറു കുഞ്ഞിത്തലകൾ അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചു 'എന്നാ ചേയ്യുന്നേ?'
അപ്പോഴാ മാട്ടയിൽ (മതിലിൽ ) വള്ളി അരിഞ്ഞിട്ടു വത്സച്ചേച്ചി കൊത്തിവെച്ചിട്ടു പോയ പുല്ലരിവാൾ ആരോ കണ്ടേ.
ആൻ ഐഡിയ ക്യാൻ സേവ് യുവർ യോഗ/ യോഗം എന്നൊക്കെ പറയുന്നതതാണ്.
കൂട്ടത്തിൽ ചെറുതിനെ പീടിക പലക നീക്കി ഷെഡിൽ കയറ്റിയതും അവൻ അവിടെ ഉണ്ടായിരുന്ന സ്റ്റൂൾ വലിച്ചിട്ടു തൂങ്ങി കിടന്ന സകല കയറും പകുതി മുറിച്ചു വെച്ചതും വളരെ ചെറിയ സമയം കൊണ്ടാ..അല്ലെങ്കിലും ആവശ്യം സൃഷ്ടിയുടെ മാതാവാകുന്നു ആരോ പറഞ്ഞിട്ടുണ്ടല്ലോ.
അങ്ങനെ ആ സുദിനം വന്നു. ഞങ്ങൾ ചുരിദാറും പാന്റുമൊക്കെ വലിച്ചു കേറ്റി യോഗ ക്ലാസ്സിലേയ്ക്ക്. വവ്വാലിനെ പോലെ തല കീഴായി കിടക്കുക, പറന്നടിയ്കുക്ക. എന്തെല്ലാം വിദ്യകളാണോ പഠിക്കുക.
ക്ലാസ്സിൽ മാഷ് നിലത്തു ചമ്രം പടഞ്ഞിരിക്കുന്നു. ഞങ്ങളോടും ഇരിക്കാൻ പറഞ്ഞു. ഞങ്ങൾ ഇരുന്നു.
മാഷു ചിരി രഹിതമായി പറയുന്നു : ശ്വാസം അകത്തേയ്ക്കു വലിച്ചു വിടൂ.
ആത്മഗതം : ഇതിനാണോ അന്ത്യ ശ്വാസം എന്ന് പറയുന്നേ.?
പാറു : ശ് മിണ്ടാതെ ..ഇപ്പൊ കെട്ടി തൂക്കും.
അതെ മുകളിൽ ആ കയറുകൾ തൂങ്ങിയാടുന്നു.
മാഷ് തുടരുകയാണ്. ശ്വാസം അകത്തോട്ടു വിട്ടു കാലിന്റെ വിരലിൽ തൊടുക. കൈ കൂപ്പുകൈ. കൈ പുറകോട്ടു വളയ്ക്കുക. അങ്ങനെ ചില ചെറിയ ചെറിയ നമ്പറുകളുമായി സമയം മുന്നോട്ട്.
പാച്ചോ എന്താടാ നമ്മളെ പറന്നടിക്കാൻ പഠിപ്പിക്കാതെ.
ഇപ്പൊ പറപ്പിക്കും നീ നോക്കിക്കോ.
ഞങ്ങൾ കൈ വട്ടം കറക്കുന്ന അഭ്യാസം ചെയ്യുമ്പോ അതാ മാഷ് കയറുകളെ ലക്ഷ്യമാക്കി നടക്കുന്നു. ഒരു കാരണവും ഇല്ലാതെ കയറിൽ വലിഞ്ഞു കയറുന്നു.
ഭൂമ്.
വീണിതല്ലോ കിടക്കുന്നു ധാരണിയിൽ. മാഷും കയറും ഒരു കഴുക്കോലും.
ഞങ്ങളോ...
നിഷ്കളങ്ക നിഷ്ക്കാമ നിർവികാര കൽപ്പങ്ങൾ. ഒരു നിമിഷം നിശബ്ദരായി നിന്നു. പിന്നെ മാഷു വീണേ എന്നലറികൊണ്ട് കിട്ടിയ പലക പൊളിച്ചു അടുത്ത പറമ്പിൽ ചാടുന്നു ഓടുന്നു.
തൊട്ടടുത്ത വർഷോപ്പിൽ നിന്ന് ആരൊക്കയോ വന്നു മാഷെ തൂക്കിയെടുത്തു ആസ്പത്രിയിൽ കൊണ്ടുപോയി.
പഴക്കടയ്ക്കു പുറകിൽ നേന്ത്രകുല കെട്ടി തൂക്കാൻ ഇട്ടിരുന്ന എല്ലാ കയറുകളും ആര് പകുതി അറുത്തു വെച്ചു എന്നതിന് എന്ന് അമ്മയും പാറുന്റെ അമ്മയും ഉഷച്ചേച്ചിയും അടങ്ങുന്ന ഒരു ജുഡീഷ്യൽ കമ്മീഷൻ ഉണ്ടായെങ്കിലും ഇത് എഴുതുന്നത് വരെ ആ രഹസ്യം അവർക്കു പിടികിട്ടിയിട്ടില്ല സുഹൃത്തേ (ഇനി നിങ്ങളായിട്ടു പറയാൻ നിൽക്കണ്ട, ലെറ്റ് അസ് സ്പ്രെസ്സ് ഇറ്റ് )
മാഷ് യോഗ തന്ത്ര മന്ത്രങ്ങളുമായി ആ വഴിയ്ക്കു പിന്നെ വന്നിട്ടില്ല. ഇനി മാഷിനെ ഏതെങ്കിലും വളവിലോ തിരിവിലോ കണ്ടാൽ അന്നേരം തന്നെ ഒരു അശരീരി വരും
'യോഗാ മാഷു വരുന്നേ....ഓടിക്കോ'
കാലങ്ങൾക്കു ഇപ്പുറം അമ്മിണികുട്ടി ഇമ്മിണി വലിയ കുട്ടിയായപ്പോ അലറി വിളിച്ചുള്ള ഓട്ടം നിന്നു, മാഷെ കാണുമ്പോ ഉള്ളിൽ കുറ്റബോധത്തോടെ ഇത്തിരി ജാള്യതയോടെ വിശേഷങ്ങൾ തിരക്കാൻ തുടങ്ങി.
കുറച്ചു കാലങ്ങൾക്കു ശേഷം ആരോ മാഷ്ക്ക് എതിരെ ഒരു കള്ള കേസ് കൊടുത്തപ്പോ ആ പേപ്പർ കൂട്ടം പിടിച്ചു നാട്ടിലെ ബുക്ക് സ്റ്റാളിനു മുന്നിൽ അമ്മിണികുട്ടിയെ കാത്തു നിന്നു ഒരിക്കൽ മാഷ്. പിന്നെ കുറെ ദിവസങ്ങൾക്കു ശേഷം കോടതി വരാന്തയിൽ നിന്ന് വെറ്റിലയുടെ മണമുള്ള കുറച്ചു നോട്ടു തിരുകി വെച്ച് തന്നു. അത് തിരികെ മാഷിന് പോക്കറ്റിലിട്ടു കൊടുക്കുമ്പോ മനസുകൊണ്ട് കുട്ടി മാപ്പു ചോദിക്കുകാരുന്നു. അറിയാപ്രായത്തിൽ ചെയ്തു പോയ ഒരു തെറ്റിന്.
കുട്ടിയുടെ തലയിൽ കൈ വെച്ച് മാഷ് അടുത്ത നിന്ന വക്കീലിനോട് പറഞ്ഞു
'എന്റെ കുട്ടിയാ. മിടുക്കിയാ. നീ ഒത്തിരി ഉയരത്തിൽ എത്തും'
അമ്മിണികുട്ടിയ്ക്കും മാഷിനും മുന്നിൽ കാറ്റിൽ പറക്കുന്ന അനേകം വക്കീൽ കുപ്പായങ്ങൾ, കാറ്റിൽ പറക്കുന്നു തല കീഴായ വൗവലുകളെ പോലെ. അതിലേയ്ക്ക് നോക്കുന്ന കുട്ടിയെ കണ്ടു മാഷ് ചിരിച്ചു കൊണ്ട് നിഷ്കളങ്കമായി പിന്നെയും പറഞ്ഞു 'നമുക്കു ഇവരെയെല്ലാം വാദിച്ചു തോൽപിക്കണം'
അതെ ഇതാവാം വിച്ചു പറഞ്ഞു പരസ്പരമുള്ള വാൾ / വാക്കു പോര്. അതിനു സാക്ഷിയാകാൻ മാഷും.
അല്ലെങ്കിലും ജീവിതത്തിന്റെ വിവിധ വഴികളിൽ നമ്മുക്ക് ജീവിതത്തിന്റെ പാഠങ്ങൾ കാട്ടിത്തരാൻ, വഴികാട്ടികളാകനല്ലേ യഥാർത്ഥ ഗുരുക്കന്മാർ വരുക.
ആ ഗുരുക്കന്മാരെ യഥാ സ്ഥാനത്തു സമയത്തു ലഭിക്കുക എന്നതും ഒരു യോഗമാണ്.
അപ്പോൾ ജീവിതം പഠിപ്പിച്ചു തരുന്ന എല്ലാ ഗുരുക്കന്മാർക്കും പ്രണാമം.
സ്നേഹപൂർവ്വം
അമ്മിണികുട്ടി
.........................
പി.സ് : അമ്മിണികുട്ടിയുടെ മറ്റു രണ്ടു യോഗ കഥകൾ മറ്റൊരിക്കൽ.
തൽക്കാലം എല്ലാവര്ക്കും ഹാപ്പി യോഗ ഡേ.
#Amminikuttistories

Comments

എന്തു രസമുള്ള എഴുത്ത്‌..വാചകങ്ങൾ ഇങ്ങനെ ഒഴുകിവരികയല്ലേ..ആശംസകൾ









എന്തു രസമുള്ള എഴുത്ത്‌..വാചകങ്ങൾ ഇങ്ങനെ ഒഴുകിവരികയല്ലേ..ആശംസകൾ









Popular posts from this blog

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ...

ഓര്‍മ്മയിലെ മഴക്കാലങ്ങള്‍.

Rain for cam Originally uploaded by Deepa.Praveen മഴ മിക്കപ്പോഴും കൌതുകവും കൂട്ടും ആകാറുണ്ട്..ചിലപോള്‍ നമ്മോടു ഒപ്പം സഞ്ചരിക്കാരും.. എന്റെ ഒപ്പം നടന്ന ഒരു മഴയെ കുറിച്ച്... ഞാന്‍ ഒരു സെമിനാറിന് ഒറിസയില്‍ എത്തിയതായിരുന്നു..ഒരു വേനല്‍ കാലത്തിന്റെ എല്ലാ രൌദ്രതയും ഒരുമിച്ചു അറിയാന്‍ കഴിയും ഒറിസയില്‍. കാലത്ത് 4 മണിക്ക് തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ വൈകുന്നേരംഎട്ടു മണി കഴിഞ്ഞാലും എനിക്ക് വീട്ടില്‍ പോകാന്‍ മനസില്ല എന്ന് പറഞ്ഞു മാനത്ത് തന്നേയ് ഉ‌ണ്ടാവും.ആ സമയം കൊണ്ട് നമ്മള്‍ ഒരു അര കിണര്‍ വെള്ളം കുടിച്ചു തീര്‍ത്തിട്ട് ഉണ്ടാവും..ഒരു മഴ കാറ് എങ്കിലും കാണാന്‍ നമ്മള്‍ നേര്ച്ച നേര്‍ന്നു പോകുന്ന സമയം.എത്രയും പെയ്ട്ടന്നു നാട് എത്തിയാല്‍ മതി എന്ന് പ്രാര്‍ഥിച്ചു കഴിഞ്ഞ നിമിഷങ്ങള്‍. അപ്പോഴാ അടുത്ത ശുഭ വാര്‍ത്ത‍,കല്കട്ടയില്‍ കൂടി ഒരു ദിവസം പോകേണ്ടി വരും. ഭുവനേശ്വര്‍ ഡെയിലി യില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഒരു യാത്ര,കൂടെ ഉള്ളത് ഒന്ന് മേഘാലയന്‍ സുഹൃത്ത്‌ മയി(അയമ്മയുടെയ് എ.ടി.എം കാര്‍ഡ് പണി മുടക്കില്‍ ആയ ടെന്‍ഷന്‍),നാട്ടില്‍ തിരിച്ചു എത്തിയിട്ട് മറ്റു ഒരു പാ...