അയല്പക്കത്തെ വെറുമൊരു വീട് മാത്രമായിരുന്നില്ല വെല്ലുമ്മയും ചെറുയുമ്മയും പുങ്കിരിയും നിസ്സയും ഷഹീറും എല്ലാമുള്ള ആ വലിയ വീട്. അവിടെ നിന്നാണ് ഞാൻ ആദ്യം കൊത്താൻ കല്ലുകളിയ്ക്കാൻ പഠിച്ചത്. വീണു മുട്ട് പൊട്ടുമ്പോ കമ്യൂണിസ്റ്പച്ച കല്ലിൽ ചതച്ചത് മുറിവിൽ അമർത്തി വെച്ച് തന്നിരുന്ന ചെറിയുമ്മയുടെ സ്നേഹം ചെവിയ്ക്കു പിടിച്ചിരുന്നത്. പിന്നെ ഉറക്കെ ചിരിച്ചു പാട്ടു പാടി കഥകൾ പറഞ്ഞു തന്നിരുന്നത്. ബിരിയാണി എന്ന അത്ഭുതരുചി ആദ്യം രുചിച്ചതു.
അവിടെ നിന്നാണ് ആദ്യമായി കൊച്ചു പെരുന്നാളെന്ന് കേട്ടത്.
ആ വീടിനു പിന്നിലെ മൈലാഞ്ചി കാടുകളിൽ നിന്നാണ് ഇളം മൈലാഞ്ചി ഇലകൾ പറിച്ചു, പ്ലാവിലയുടെ ഞെട്ടും പച്ചമഞ്ഞളും ചേർത്ത് അരച്ച് കിണറ്റിൻ കരയ്ക്കു അടുത്ത് ഇട്ടിരിക്കുന്ന പഴയ അരകല്ലിൽ അരച്ചെടുക്കാൻ വെല്ലുമ്മ ഇരിക്കും. ഇച്ചിരി കിണറ്റും വെള്ളം തളിച്ചു ഇലകൾ അത്രയും ഒതുക്കി മടിയിൽ ഒളിച്ചു വെച്ചിരുന്ന ആ പഴയ ചിത്രപണികകൾ ഉള്ള ചെല്ലപെട്ടിയിൽ നിന്ന് എന്തോ ഒരു കൂട്ടെടുത്തു ആ ഇലകൾക്കിടയിൽ ഒളിപ്പിയ്ക്കും, എന്നിട്ട് കല്ലുവെച്ച ഇലകൾ ചതയ്ക്കും.
കാലുരണ്ടും അരകല്ലിനു ഇരുവശവുമിട്ട്, മൈലാഞ്ചി ഇലകൾ ഒതുക്കി അരയ്ക്കുമ്പോ വെല്ലുമ്മയുടെ ശരീരവും പ്രത്യേകതാളത്തിൽ ആടും, ഒപ്പം അലുക് കമ്മലിട്ട കത്തും, തലയിലെ തട്ടവും, തട്ടത്തിന്റെ തുമ്പു നെഞ്ചിലിലേയ്ക് വീഴുവോ പുറം കൈകൊണ്ടു അത് പിന്നോട്ടു തട്ടി, നിവർന്നിരുന്നു, ചുറ്റിനും കൂനികൂടിയിരിക്കുന്ന കുട്ടി പട്ടാളങ്ങളെ നോക്കി ചിരിച്ചു വെല്ലുമ്മ പാടും
'തട്ടമിട്ട പെണ്ണൊരുത്തി....'
തട്ടമിട്ട മൈലാഞ്ചി ചുവപ്പുള്ള മൊഞ്ചുളള പെണ്ണ്, അവളെ കാണാൻ വരുന്ന പൂമാരാൻ, മലയാളവും ചെന്തമിഴും കലർന്ന ആ പാട്ടിൽ പഴയ ഒരു തമിഴ് പെണ്ണുണ്ടായിരിക്കാം, എന്റെ അച്ഛമ്മ പറഞ്ഞു തന്ന കഥകളിലെ 7 പെട്ടി നിറയെ പൊന്നും, പണവും പരിചാരകരുമായി വന്ന ഒരു ഹൂറി, അവൾക്കു വേണ്ടി ഒരുങ്ങിയ പ്രത്യേക അറ, അവളെ ഒരു നോക്ക് കാണാൻ അയല്പക്കകാരും പണിക്കാരികളും കാത്തു നിന്നിരുന്നത്. നാട്ടിലെ മുതലാളിയുടെ പുതുമണവാട്ടിയെ കാണാൻ വന്ന ദിവാന് മുന്നിൽ പാടാൻ പറഞ്ഞ 'ഓരോട്' നിങ്ങള് പറയുന്നോരുടെ മുന്നിൽ പാടാൻ എനിക്ക് മനസില്ല എന്ന് പറഞ്ഞ സുന്ദരി, ഇത്തരം കാര്യം പറഞ്ഞു മേലാൽ എന്റെ അറ വാതുക്കൽ വരരുത് എന്ന് പറഞ്ഞു അറ കൊട്ടിയടച്ചവൾ.
ആ ഹൂറി ഒരിക്കലും ഞങ്ങൾ കുട്യോൾക് പാട്ടു നിഷേധിച്ചില്ല. ( ഒടുവിൽ ആ വലിയ വീടിന്റെ പടിയിറങ്ങി ഒരു ലോറിയിൽ കയറി പോകുമ്പോഴും ഒരു പാട്ട് ആ ചുണ്ടിലുണ്ടായിരുന്നു). പാട്ടു പാടിക്കൊണ്ട് തന്നെ ഉരുട്ടി എടുത്ത മൈലാഞ്ചി ഉരുളകൾ ഞങ്ങൾ കുട്ടികളെ ആൺപെൺ ഭേദമില്ലാതെ ഇരുത്തി കൈക്കുള്ളിൽ പൊതി വെച്ച്തരും ഒപ്പം ഓരോ വിരലിലും മൈലാഞ്ചി തൊപ്പിയും ഇടുവിക്കും.
കാലം കടന്നു വന്ന കൈമേൽ മൈലാഞ്ചി പൊടികൊണ്ടു പണിയുന്ന അനേകം ചിത്രപണികൾക്ക് എന്തുകൊണ്ടോ വെല്ലുമ്മ തട്ടി പൊതിവെച്ച് തന്നിരുന്ന ആ മൈലിഞ്ഞി തണുപ്പില്ലാതെ പോയി, പിന്നെ ആരും വെച്ച് തന്ന ഒരു മൈലാഞ്ചിയും അന്നത്തെ മൈലാഞ്ചി ചുവപ്പു തന്നില്ല. ഒരു പെരുന്നാള് മുതൽ അടുത്ത വേനലവധി വരെ കൈയിൽ ഒരു ചുവപ്പു സ്നേഹമായി മാസങ്ങളോളം മൈലാഞ്ചി ചുവപ്പു പടർന്നു കിടന്നില്ല. എല്ലാം എല്ലാം പെട്ടെന്ന് മാഞ്ഞു പോകുന്നു. ഒരുപക്ഷെ ഞങ്ങൾ കുട്ടികളിൽ കൗതുകം അവശേഷിപ്പിച്ചു ആ ചെല്ലപ്പെട്ടിയിൽ നിന്ന് വെല്ലുമ്മ മൈലാഞ്ചി കൂട്ടിൽ ചേർത്ത് കറതീർന്ന സ്നേഹവും വാത്സല്യവുമാവാം.
ഇറച്ചി ചോറെന്നു പേരിട്ടു, വലിയ വാർപ്പിലെ തിളക്കുന്ന വെള്ളത്തിൽ മസാല കൂട്ടിട്ട് വെട്ടി തിളയ്ക്കുമ്പോ നെയൊഴിച്ചു, അതിൽ അരിയിട്ട് തിളപ്പിച്ചൂറ്റി ഊറ്റി, ഒടുവിൽ പാലിൽ കുങ്കുമപൂവിട്ടു ആ ഇളം മഞ്ഞ വെള്ളത്തിൽ തോർത്തി എടുത്ത ചോറ്, മറ്റൊരു ചെമ്പിൽ തിളക്കുന്ന ഇറച്ചി കറിയുടെ മേൽ ചെരിച്ചു, അതിനു മേൽ മുന്തിരിയും, കടലയും വറുത്തിട്ടു, മാതള നരകത്തിന്റെ അല്ലികൾ കൊട്ടിയിട്ടു ഒരു വലിയ ഒരു കോരി കൊണ്ട് ആ ചോറ് വാരി ഒരു പാത്രത്തിൽ ഇട്ടു നിരത്തി, കയ്യിലെ സാരി തലപ്പിൽ ആ പത്രം വെച്ചു, കയ്യിൽ ഒരു ചെറിയ ഉരുള ഉരുട്ടി ചൂടുപോകാൻ വീണ്ടും ഊതി,
'പുള്ളേ ബെക്കം ബാ' എന്ന് വിളിച്ചു വായിൽ ഒരു ഉരുള ചോറ് വെച്ച് തന്നിരുന്ന വെല്ലുമ്മ.
ഉമ്മയ്ക്ക് മുന്നിൽ പൊളിയുന്ന കുറെ കുഞ്ഞു 'വാകൾ'..
'പുള്ളേ ബെക്കം ബാ' എന്ന് വിളിച്ചു വായിൽ ഒരു ഉരുള ചോറ് വെച്ച് തന്നിരുന്ന വെല്ലുമ്മ.
ഉമ്മയ്ക്ക് മുന്നിൽ പൊളിയുന്ന കുറെ കുഞ്ഞു 'വാകൾ'..
ഇതിൽ ഹിന്ദുവും, ഇസ്‌ലാമും , ക്രിസ്താനിയും ഇല്ലായിരുന്നു. അയല്പക്കത്തെ സ്വന്തം പുള്ളകൾ മാത്രമായിരുന്നു...വെല്ലുമ്മയുടെ 'നമ്മ പുള്ളകൾ'.
മതിലുകൾ ഇല്ലാത്ത, മൈലാഞ്ചി ചെമ്പരത്തി പൂവുകൾ സർവേ കല്ലിനെ മറച്ചു കിടന്നിരുന്ന ആ കാലത്തു അയല്പക്കങ്ങളിൽ ഇനിയുമുണ്ടായിരുന്നു വെല്ലുമ്മമാരും അക്കമ്മാരും ഇത്തമാരും സ്നേഹമൂട്ടുന്നവർ.
പെരുന്നാളും വിഷുവും ക്രിസ്തുമസും കലണ്ടറിലെ ചുവന്ന അക്ഷരത്തിനപ്പുറത്തേയ്ക് അയലക്കാരൻ വിളമ്പി തരുന്ന സദ്യയിൽ മനസ്സു നിറഞ്ഞിരുന്ന നമ്മുടെ ആ പഴയ പെരുന്നാൾ കാലങ്ങൾ.
തിരഞ്ഞെടുക്കുന്നവർക്കു സദ്യ വിളമ്പുന്ന കാലമാകുന്നുവോ?
പെരുന്നാൾ പങ്കുമായി അയൽക്കാരന്റെ വീടുതേടി പോകുമ്പോ, അടഞ്ഞു കിടന്ന ഗേറ്റ് കണ്ടു തിരിച്ചു പൊന്നു എന്ന് പറയുമ്പോ ഒന്ന് വിളിച്ചിട്ടോ whatsapp ചെയ്തിട്ടോ വന്നൂടാരുന്നോ, അവധി ദിവസയതു കൊണ്ട് ഞങ്ങൾ ഒന്ന് പുറത്തു പോയി എന്ന് പറയുന്ന അയല്പക്കങ്ങൾ ഉണ്ടാകുന്നുവോ?
അതേ അപ്പുറത്തെ വീട്ടിൽ ഈ ഇറച്ചി കറി കൊടുത്താൽ അവര് കൂട്ടുവോ? കഴിഞ്ഞ വർഷം വരെ കൂട്ടിയിരുന്നു ഇപ്പോഴത്തെ കാര്യം അറിയില്ലല്ലോ അവർക്കു ഇഷ്ട്ടാവ്വോ എന്ന് സംശയിക്കുന്ന അയല്പക്കങ്ങൾ ഉണ്ടാകുന്നുവോ?
പെരുന്നാൾ പങ്കുമായി അയൽക്കാരന്റെ വീടുതേടി പോകുമ്പോ, അടഞ്ഞു കിടന്ന ഗേറ്റ് കണ്ടു തിരിച്ചു പൊന്നു എന്ന് പറയുമ്പോ ഒന്ന് വിളിച്ചിട്ടോ whatsapp ചെയ്തിട്ടോ വന്നൂടാരുന്നോ, അവധി ദിവസയതു കൊണ്ട് ഞങ്ങൾ ഒന്ന് പുറത്തു പോയി എന്ന് പറയുന്ന അയല്പക്കങ്ങൾ ഉണ്ടാകുന്നുവോ?
അതേ അപ്പുറത്തെ വീട്ടിൽ ഈ ഇറച്ചി കറി കൊടുത്താൽ അവര് കൂട്ടുവോ? കഴിഞ്ഞ വർഷം വരെ കൂട്ടിയിരുന്നു ഇപ്പോഴത്തെ കാര്യം അറിയില്ലല്ലോ അവർക്കു ഇഷ്ട്ടാവ്വോ എന്ന് സംശയിക്കുന്ന അയല്പക്കങ്ങൾ ഉണ്ടാകുന്നുവോ?
ഉണ്ടെന്നു ആരൊക്കയോ പറയുന്നു...
അത്തരം അയല്പക്കങ്ങളിൽ അയൽക്കാരിൽ നമ്മളില്ലാതെയിരിക്കട്ടെ...
എന്റെ പ്രിയപെട്ടവർക് നിങ്ങൾക്കു ഓരോരുത്തർക്കും
ഈദ് ആശംസകൾ...❤
Comments