Skip to main content

ഒരു വിഷുക്കണി(പ്രേമലേഖന)യോർമ്മ..


വിഷു തീർച്ചയായും ഓർമ്മകളുടെതു കൂടിയാണ്.
അമ്മിണികുട്ടിയ്ക്കും അങ്ങനെതന്നെയെന്നു കഴിഞ്ഞ കുറച്ചു ദിവസായി ഇടുന്ന സെന്റിപോസ്റ്റുകൾ കൊണ്ടും മനസിലായിട്ടുണ്ടാവുല്ലോ.
എന്നാൽ ചില വിഷു ഓർമ്മകളിൽ എങ്കിലും അമ്മിണികുട്ടി സ്വന്തം ('കുരുട്ട്') ബുദ്ധിയിൽ വിരിഞ്ഞ ചില ആശയങ്ങളുടെ ആവിഷ്ക്കാരവും അതിന്റെ അനന്തരഫലങ്ങളുമോർത്ത് കൃതാർഥയാവാറുണ്ട്.
എന്നാൽ ചിലപ്പോൾ അതിൽ ഭാഗഭാക്കാവുന്ന (ബലിയാടാകുന്ന) ചിലർക്ക് ആയുഷ്ക്കാലത്തേയ്ക് ഓർത്തിരിക്കാൻ വേണ്ടുന്ന ചില ഓർമ്മകളും ഇത്തരം വിഷുക്കാലങ്ങൾ കൊടുത്തിട്ടുണ്ട്.
ഇത് അങ്ങനെ ഒരു സ്പെഷ്യൽ കണിയെകുറിച്ചാണ് ഈ കുറിപ്പ് .
***
അതിനു മുൻപ് കഥയുടെ പശ്ചാതലം പറയാം.
ഇതിലെ നായകൻ മുൻ കുറിപ്പുകളിലൂടെയും അല്ലാതെയും ചിലർക്കെങ്കിലും പരിചയമുള്ള നമ്മുടെ ബാല്യകാല തോഴൻ മാത്തുക്കുട്ടിയാണ്‌ (അതെ മാപ്പു കഥയിലെ മാത്തുക്കുട്ടി).
ആ സ്കൂൾ വർഷത്തിൽ മാത്തുകുട്ടിയ്ക് ഒരു കൊച്ചു സുന്ദരിയോട് പ്രണയം തുടങ്ങിയിരുന്നു. എന്നാൽ ഈ പ്രണയത്തിനു ചെറുതെങ്കിലും ഒരു ഗ്രീൻ സിഗ്നൽ കിട്ടുന്നത് സ്കൂൾ പൂട്ടുന്നതിനു തൊട്ടു മുൻപും. മാത്തുണ്ണിയെ തീവ്ര വിരഹത്തിലാഴ്ത്തി രണ്ടു മാസത്തെ സ്കൂൾ പൂട്ട്.
പെട്ടെന്ന് മാതു കാറ്റഴിച്ചു വിട്ട സൈക്കിൾ പോലെയായതു നമ്മൾ ചങ്ങാതികൂട്ടം ശ്രദ്ധിച്ചു. ആരും ചോദിച്ചിട്ടു മാത്തൂ കാര്യമൊന്നും പറയുന്നുമില്ല.
അങ്ങനെ മാത്തന്റെ വീട്ടിൽ കൊന്നപ്പൂ ബുക്ക് (ഇന്നത്തെ പോലെ കൊന്നപ്പൂക്കൾ അന്ന് വിലക്ക് വാങ്ങാൻ കിട്ടിട്ടല്ല ഉള്ള വീടുകളിൽ പോയി നേരത്തെ പറഞ്ഞു വെയ്ക്കണം) ചെയ്യാൻ പോയ സമയത്താണ് ആള് മറ്റേ പെൺകുട്ടിയെ തീവ്രമായി മിസ് ചെയ്യുന്ന കാര്യം പറഞ്ഞത്.
ഇന്നത്തെ പോലെ മൊബൈൽ ഫോണും whatsppum എന്തിനു പെൺകുട്ടിയുടെ വീട്ടിൽ അന്ന് ലാൻഡ് ലൈൻ പോലും ഇല്ല.
അവസാനം അമ്മിണികുട്ടിയും മാത്തുവും കൂടി ഒരു തീരുമാനത്തിൽ എത്തി. ഒരു പ്രേമലേഖനം എഴുതുക തന്നെ.
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനമൊക്കെ വായിച്ച ഒരു experience ഉണ്ട് അമ്മിണികുട്ടിക്കു. ബാലരമയിൽ നിന്നും പൂമ്പാറ്റയിൽ നിന്നും കുട്ടി കുറെ പടമൊക്കെ വെട്ടി എടുത്തു കത്തിൽ ഒട്ടിക്കാൻ.
കത്ത് എഴുതാൻ തുടങ്ങിയപ്പഴാണ് ഒരു എക്സ്ട്രാ ഡെക്കറേഷന്റെ കാര്യം കത്തിയത്.
" ഡാ ഈ കത്ത് നമുക്കു കണിവെച്ചിട്ടു കൊടുത്താലോ? "
"കണിയോ നീ എന്നാന്നെ ഈ പറന്നേ"
ഉടുപ്പിന്റെ പോക്കറ്റിൽ നിറച്ചിട്ടിരുന്ന ചാമ്പക്ക ഉപ്പും കൂട്ടി തിന്നത് നിറുത്തി, അമ്മിണി ആ ദിവ്യ രഹസ്യം പങ്കുവെച്ചു.
'അതെ എന്റെ വല്യമ്മച്ചി പറഞ്ഞിട്ടുണ്ട്, നമ്മൾ എന്ത് കണിവെച്ചാലും അത് കൊല്ലം മുഴുവനും ഇരട്ടിക്കുന്നു. '
ഇനിയാണ് തള്ള് ----
"ഞാൻ കഴിഞ്ഞ വര്ഷം ഒരു ഫൈവ് സ്റ്റാർ വെച്ചു പിന്നെ എനിക്ക് എത്ര ഫൈവ് സ്റ്റാർ കിട്ടിയെന്നറിയാവോ? പിന്നെ ഒരു വര്ഷം ഞാൻ ഒരു കിളി കുഞ്ഞിനെ വെച്ചു, അത് കഴിഞ്ഞു ഞങ്ങടെ വീട്ടിൽ ഫുൾ കിളി കുഞ്ഞു വരുവാരുന്നു.' (ലൗ birds വളർത്തൽ ഹിറ്റ് ആയി നില്കണ ഒരു സമയമാണ് അത്).
മാതു സംശയത്തോടെ എന്നെ നോക്കുന്നു. 'കിളി കുഞ്ഞോ ?"
"അതേടാ"- (വിഷുകണി വെയ്ക്കുന്നതിന്റെ ഏഴു അയലത്ത് മുത്തശ്ശി എന്നെ അടുപ്പിക്കില്ല എന്ന യാഥാർഥ്യം അവനറിയില്ലലോ)
ഫൈവ് സ്റ്റാറും കിളികുഞ്ഞും മാത്തൂന്റെയും ഇഷ്ട്ടങ്ങളാണ് എന്ന് അറിഞ്ഞു ഇട്ട നമ്പറായിരുന്നു. അത് ഏറ്റു.
അപ്പൊ അടുത്ത പ്രശ്‌നം.
'കൊച്ചെ ഞങ്ങള് ക്രിസ്താനികളല്ലേ നിങ്ങള് ഹിന്ദുക്കളും. അപ്പൊ ഞങ്ങടെ വീട്ടിൽ ഈ കണിയൊന്നും വെക്കത്തില്ല. ഒരു കാര്യം ചെയ്യാന്നെ, ഞാ എഴുതി തരാം. നീ നിന്റെ വീട്ടിലെ കാണിക്കാത്തു വെക്ക്."
ബേസ്ഡ് പണി നമുക്കിട്ടു തിരിച്ചു വരുന്നു.
"എന്നാ പോട്ടെ വേണ്ടടാ.."
"ഇല്ല ഇല്ല വേണം വേണം". മാതു കുട്ടി വിടുന്ന മട്ടില്ല. ചെറുക്കന്റെ തലമണ്ടയ്ക് ഒന്ന് കൊടുക്കാൻ തോന്നി എന്നാലും ബേബിചേട്ടൻ പറഞ്ഞ പോലെ ഐഡിയ എന്റെയായി പോയില്ലേ.
എന്തായാലും പരിഹാരമില്ലാത്ത പ്രശനമില്ലലോ..ആ പരിഹാരം വരിക്ക ചക്കയും ചുമലിൽ വെച്ച് പറമ്പിൽ നിന്ന് ഞങ്ങടെ അടുത്തേയ്ക്കു വന്നു മാത്തൂന്റെ അമ്മച്ചി.
അമ്മച്ചിക്കു മാത്തൂന്റെ കൂട്ടുകാരിൽ അമ്മിണികുട്ടിയെ വലിയ കാര്യമാണ്. ഒന്ന് കൂട്ടത്തിൽ ഏറ്റവും ചെറുത്, എന്നാലും വായിൽ കൊള്ളാത്ത വലിയ വർത്തമാനമൊക്കെ പറയും. ഗൾഫ് യുദ്ധത്തെ കുറിച്ചൊക്കെ അന്ന് അമ്മച്ചിക്ക് ആധികാരികായി അടുക്കളയുടെ സ്ലാബിൽ കയറി നിന്ന് ക്ലാസ് എടുത്തിട്ടുണ്ട്*. പറഞ്ഞു വന്നത് അമ്മിണികുട്ടിയും അമ്മച്ചിയുമായുള്ള ഇരിപ്പുവശമാണ്.
അന്ന് മതസൗഹാർദ്ദം കോടികുത്തി വാഴുകയും നാട് നീളെ മുസൽമാനും, ഹിന്ദുവും ക്രിസ്താനിയും കൈ കോർത്ത് നിൽക്കുന്ന ടാബ്ലോകൾ അരങ്ങേറുകയും ചെയ്യുന്ന കാലം. അമ്മിണികുട്ടിയുടെ പ്രീണനത്തിലും മാത്തുവിന്റെ കാല് പിടിച്ചുള്ള കരച്ചിലിലും അമ്മച്ചി വീണും, കൃഷ്ണന്റെ കലണ്ടറിനു ഒപ്പം കർത്താവിന്റെ രൂപവും , ഒരു പാട് പൂക്കളും കായ്കളും ചക്കയും മാങ്ങയും, അമ്മച്ചിയുടെ കൊന്തയും, കസവു കവണിയും, ഈന്തോലയും, കൊന്നപ്പൂവും അങ്ങനെ ആകെ മൊത്തം ഒരു സുന്ദരൻ കണി.
കണി വെച്ചു എഴുതി ഡെക്കറേറ്റ് ചെയ്ത കത്തും മാത്തുകുട്ടിയെ ഏൽപ്പിച്ചു, അമ്മച്ചി വീട്ടിലേയ്ക്കു തന്ന ചക്ക മുറിയും കൊന്നപൂവുമായി അമ്മിണി കുട്ടി സ്ഥലം കാലിയാക്കി.
പ്രണയ ലേഖനത്തിന്റെ മോഡോസൊപ്രാണ്ടി ഇങ്ങനെയായിരുന്നു.
രാത്രി എല്ലാവരും ഉറങ്ങിയിട്ട് ഈ കത്ത് കാണിയ്ക്കു ഒപ്പം വെയ്ക്കണം. രാവിലെ എല്ലാവരും ഉണരും മുൻപ് കത്ത് എടുത്തു മാറ്റണം. എന്നിട്ടു അടുത്ത ദിവസം പോസ്റ്റ് ചെയ്യണം.
ആക്ഷൻ പ്ലാനിന്റെ ആദ്യ ഘട്ടം മാത്തൂ ഒരു പിഴവുമില്ലത്തെ ചെയ്തു. എന്നാൽ സകല കണക്കു കൂട്ടലും തെറ്റിച്ചു കൊണ്ട് ആ അർദ്ധ രാത്രിയിൽ മറ്റൊരു കാര്യം സംഭവിച്ചു. ഈസ്റ്റർ തലേന്നേ വരൂ എന്ന് മാത്തൂ കരുതിയ പിതാശ്രീനട്ട പാതിരായ്ക്ക് ഏല്ലപാറയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്കു ജീപ്പോടിച്ചെത്തി. അമ്മച്ചി വീട് തുറന്നു ചാച്ചൻ അകത്തു കേറിയപ്പോ അതാ മുറിക്കു മൂലയ്ക്ക് ഒരു സുന്ദരൻ കണി.
അമ്മച്ചി : 'ആ പിള്ളാരൊപ്പിച്ചതാ.'
ചാച്ചൻ : "കൊള്ളാല്ലോ, നോക്കട്ടെ."
കാണിക്കടുത്തേയ്ക് നീങ്ങുന്ന ചാച്ചൻ.
"ഇതെന്നാ ഈ കത്ത്? കണിക്കൊപ്പം കർത്താവിനു കത്തും വെയ്ക്കുവോ?
കവർ കത്തെടുക്കുന്ന ചാച്ചൻ.
വൃത്തിയായി മടക്കിയ കടലാസ്സിൽ ഒരു ആരോ അവിടെ ഒരു ലുട്ടാപ്പി വഴികാണിക്കാൻ 'ഇവിടെ തുറക്കൂ എന്ന് പറഞ്ഞു"
തുറക്കുമ്പോൾ കപീഷും, ശിക്കാരി ശഭുവും പിന്നെ പൂക്കളും മുയലുകളും മാനും ഒകെ നിറയുന്ന പേപ്പറിൽ മാതുവിന്റെ പ്രേമലേഖനം.
സ്കൂളിൽ നമ്മളെ ഒരു കത്ത് എഴുതാൻ പഠിപ്പിക്കില്ലേ അഡ്രസ് ഒകെ വെച്ചു. മാതൃക അതാണ്.
വിഷയവും എഴുതിയിട്ടുണ്ട് : ലവ് ലെറ്റർ.
താഴോട്ടുള്ള പ്രേമലേഖനം കാര്യമാത്ര പ്രസക്തമാണ്.
ഒപ്പും ഉണ്ട്.
പിറ്റേന്നു വെളുപ്പാൻ കാലത്തു കത്ത് തിരഞ്ഞു ചെന്ന മാത്തുവിന്റെ നിലവിളി ഒച്ച, രണ്ടു ഫർലോങ് അകലെ കേട്ട് എന്ന് ചില കുബുദ്ധികൾ പറഞ്ഞു നടന്നു.
അത് ചുമ്മാതെയാകുമെന്നാ എന്റെ ഇപ്പോഴുമുള്ള വിശ്വാസം. ചാച്ചന് അങ്ങനെയൊന്നും ചെയ്യൂല്ല.
പക്ഷെ കുറെ നാളു കഴിഞ്ഞു ഒരു ദിവസം ക്ലാസ് കഴിഞ്ഞു വരുമ്പോ ഞങ്ങൾക്ക് നാരങ്ങാ വെളളം വാങ്ങി തന്നിട്ട് ചാച്ചൻ ചോദിച്ചു
'അല്ല ദീപകുട്ടി,
മാംസ നിബന്ധമല്ല രാഗം, അത് കൊണ്ട് ഞാൻ ഇറച്ചി കഴിക്കാറില്ല നിന്നെപ്പോലെ ഞാനും വെജിറ്റേറിയൻ ആണ് എന്ന് ആ വാര്യര് കൊച്ചിനുള്ള എഴുത്തിൽ എഴുതിയത് നീയാണോ അതോ എന്റെ സത്പുത്രനാണോ'
മാത്തൂന് വാര്യര് കൊച്ചിനോടുള്ള പ്രണയത്തിന്റെ തീവ്രത ഊന്നിപ്പറയാൻ ഞാൻ ചില ഉപമകൾ ഉപയോഗിച്ചിരുന്നു. അത് ഞാൻ അന്ന് ചാച്ചൻ എങ്ങനെ അറിഞ്ഞു?
നാരങ്ങാവെള്ളത്തിന്റെ ഗ്ലാസ് പീടികയുടെ പടിയിൽ വെച്ച് ഓടുമ്പോ ' ചാച്ചന്റെ ഉറക്കെയുള്ള ചിരിയുടെ ഒപ്പം മുഴങ്ങി കേട്ടു ...
"ഓടാതെ ഇനിയും ഉണ്ട് ചോദിക്കാൻ."
ഈ വിഷുവിനു ചാച്ചനില്ല, അമ്മച്ചിയില്ല, മാത്തു..നീയും എന്റെ അടുത്തില്ല. എന്നാലും ഈ കുറിക്കുന്ന നിമിഷം മുഴുവൻ ഞാൻ ജീവിക്കുകയിരുന്നു.. നമ്മുടെ ഏറ്റവും നിഷ്കളങ്കമായ കുട്ടികാലം.
അടി കിട്ടിയാലും ഇല്ലെങ്കിലും ആ അവധികാലത്തിനു ശേഷം പ്രണയ സുരഭിലമായിരുന്നു മാത്തൂന്റെ ജീവിതം.
അത് കൊണ്ട് തന്നെ സ്വന്തം റിസ്കിൽ ആർക്കും കണിക്കൊപ്പം പ്രിയപ്പെട്ടവർക്കായി ഒരു പ്രണയകുറിമാനം കൂടി വെയ്ക്കാവുന്നതാണ്.
നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾ കണികാണുമ്പോൾ അതിനൊപ്പം അവർക്കായി ഒരു സ്നേഹകുറിമാനം? ഐഡിയ അത്ര മോശമൊന്നുമല്ല :)
സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ നന്മയുടെ പൊട്ടിച്ചിരിയുടെ ഒരു ഉത്സവകാലം എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും.
അമ്മിണികുട്ടി
P. S : (മാപ്പു കഥയിൽ മാത്തുവിനെ കുറിച്ച് എഴുതിയതു അറിഞ്ഞു അരമണിക്കൂർ ISD തെറിവിളിച്ചത്തിലുള്ള പ്രതികരമല്ല ഈ കുറിപ്പ് എന്ന് പ്രത്യേകം പറയാൻ പറഞ്ഞു )

Comments

Popular posts from this blog

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ...

ഓര്‍മ്മയിലെ മഴക്കാലങ്ങള്‍.

Rain for cam Originally uploaded by Deepa.Praveen മഴ മിക്കപ്പോഴും കൌതുകവും കൂട്ടും ആകാറുണ്ട്..ചിലപോള്‍ നമ്മോടു ഒപ്പം സഞ്ചരിക്കാരും.. എന്റെ ഒപ്പം നടന്ന ഒരു മഴയെ കുറിച്ച്... ഞാന്‍ ഒരു സെമിനാറിന് ഒറിസയില്‍ എത്തിയതായിരുന്നു..ഒരു വേനല്‍ കാലത്തിന്റെ എല്ലാ രൌദ്രതയും ഒരുമിച്ചു അറിയാന്‍ കഴിയും ഒറിസയില്‍. കാലത്ത് 4 മണിക്ക് തലയ്ക്കു മുകളില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ വൈകുന്നേരംഎട്ടു മണി കഴിഞ്ഞാലും എനിക്ക് വീട്ടില്‍ പോകാന്‍ മനസില്ല എന്ന് പറഞ്ഞു മാനത്ത് തന്നേയ് ഉ‌ണ്ടാവും.ആ സമയം കൊണ്ട് നമ്മള്‍ ഒരു അര കിണര്‍ വെള്ളം കുടിച്ചു തീര്‍ത്തിട്ട് ഉണ്ടാവും..ഒരു മഴ കാറ് എങ്കിലും കാണാന്‍ നമ്മള്‍ നേര്ച്ച നേര്‍ന്നു പോകുന്ന സമയം.എത്രയും പെയ്ട്ടന്നു നാട് എത്തിയാല്‍ മതി എന്ന് പ്രാര്‍ഥിച്ചു കഴിഞ്ഞ നിമിഷങ്ങള്‍. അപ്പോഴാ അടുത്ത ശുഭ വാര്‍ത്ത‍,കല്കട്ടയില്‍ കൂടി ഒരു ദിവസം പോകേണ്ടി വരും. ഭുവനേശ്വര്‍ ഡെയിലി യില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാതെ ഒരു യാത്ര,കൂടെ ഉള്ളത് ഒന്ന് മേഘാലയന്‍ സുഹൃത്ത്‌ മയി(അയമ്മയുടെയ് എ.ടി.എം കാര്‍ഡ് പണി മുടക്കില്‍ ആയ ടെന്‍ഷന്‍),നാട്ടില്‍ തിരിച്ചു എത്തിയിട്ട് മറ്റു ഒരു പാ...