Skip to main content

അതെ ഞങ്ങൾ സ്ത്രീകൾ ലൈംഗികതയെ കുറിച്ച് സംസാരിക്കാറുണ്ട്, ഞങ്ങൾ ശരീരങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്, വേണ്ടി വന്നാൽ ചിലരുടെ ചെകിട്ടത്തടിക്കാറുണ്ട്, തെറിവിളിക്കാറുണ്ട്. ഇതൊന്നും ഞങ്ങളിലെ സ്ത്രീത്വം, മനുഷ്യത്വം ഇല്ലാതാക്കുന്നില്ല. **************

അതെ ഞങ്ങൾ സ്ത്രീകൾ ലൈംഗികതയെ കുറിച്ച് സംസാരിക്കാറുണ്ട്, ഞങ്ങൾ ശരീരങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്, വേണ്ടി വന്നാൽ ചിലരുടെ ചെകിട്ടത്തടിക്കാറുണ്ട്, തെറിവിളിക്കാറുണ്ട്. ഇതൊന്നും ഞങ്ങളിലെ സ്ത്രീത്വം, മനുഷ്യത്വം ഇല്ലാതാക്കുന്നില്ല.
**************
കഴിഞ്ഞ ദിവസം ആർത്തവത്തെകുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതിയിരുന്നു. അത് വായിച്ച ഒരു അഭ്യുദയകാംഷി ചേച്ചിയുടെ കമന്റ് ഇങ്ങനെ പോയി.
'ഹോ ഫേസ്ബുക്കിലൊക്കെ എന്തും എഴുതാലോ. ലൈക്കിന്റെയും കമെന്റിന്റെയും എണ്ണം കൂട്ടാന്നായി വെറുതെ ഓരോന്ന് എഴുതി വെയ്ക്കുന്നു.'
എഴുതിയത് ശരീരത്തിന് അപ്പുറത്തു ആ ചേച്ചികൂടി അടങ്ങുന്ന സ്ത്രീ പുരുഷസമൂഹത്തിനു തുല്യ നീതി എന്ന ആവിശ്യത്തെക്കുറിച്ചാണ് എന്ന് പറഞ്ഞു മനസ്സിലാക്കാൻ നോക്കി. എന്നാൽ അവിടെയും എപ്പോഴത്തെയും പോലെ മനസിലായത് ഒരു പെൺകുട്ടി അവളുടെ ജീവിതം സത്യസന്ധമായി ഒരു പെൺകൂട്ടത്തിനു മുന്നിൽ വരച്ചിടുമ്പോൾ പോലും അവൾ കുറ്റക്കാരിയും അപഹാസ്യയുമാകും എന്നു തന്നെയാണ്.
ആ സ്ത്രീ സമൂഹം പോലും അവളെ ജഡ്ജ്മെന്റ്റ്റൽ ആയി നോക്കും. വിധിക്കും.
ആ തിരിച്ചറിവിൽ തന്നെയാണ് ഇത് കുറിക്കുന്നത്.
ഞാൻ അടങ്ങുന്ന സ്ത്രീകൾ ലൈംഗികതയെ കുറിച്ച് സംസാരിക്കാറുണ്ട്. എന്നാൽ അത് girls talk എന്നോ സ്ത്രീകൾക്കിടയിൽ മാത്രം നിലനിൽക്കുന്ന കൊച്ചുവാർത്തമാനങ്ങളെന്നോ ലേബലിൽ അത് അവരുടെ ഇടയിൽ മാത്രം അടക്കി നിറുത്തപ്പെടുന്നു.
നാം സംസാരിക്കുന്ന വിഷയങ്ങൾ നമുക്കു കംഫോര്ട്ടബിള് ആയ ഒരു സംഘത്തിന് മുന്നിലാവുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ആ കൂട്ടത്തിനു വെളിയിൽ വന്നു 'എനിയ്ക്കു ഒന്നും അറിയില്ല ഞാൻ ഇതിനെ കുറിച്ച് ഒന്നും സംസാരിക്കില്ല' എന്ന് പറയിടത്താണ് പ്രശ്നം.
ഒരു പക്ഷെ അത് സമൂഹത്തോടുള്ള പേടി കൊണ്ടാവാം. എന്നാൽ ആ പേടി മാറി കുറച്ചു കൂടി തുറന്ന സംസാരങ്ങൾ ഉണ്ടായാൽ മാത്രമേ നമുക്കു നമ്മുടെ കുഞ്ഞുങ്ങളെ ലൈംഗികതയിലെ തെറ്റും ശരിയും പറഞ്ഞു കൊടുത്തു മനസിലാക്കാൻ പറ്റൂ.
സോഫിയ ലോറന്റെ/ ഷകീലയുടെ സിനിമകൾ സ്ത്രീകളും കാണാറുണ്ട്.
അത് കാണുന്ന സ്ത്രീ ഒരു മോശക്കാരിയല്ല.
പണ്ട് 'ഇംഗ്ലീഷ്' സിനിമകൾ കാണുന്ന സ്ത്രീകൾ മോശക്കാരികളായ ഒരു കാലമുണ്ടായിരുന്നു. Adult സിനിമകൾ കാണുകയും adult only എന്ന് തരം തിരിച്ചിരിക്കുന്നു പുസ്തകങ്ങൾ വായിക്കുകയും ചെയ്യുന്ന സ്ത്രീകളുണ്ട്. മുൻപൊരിക്കൽ കുറിച്ചത് പോലെ 50 shades of grey യ്ക്കു ഒരു വലിയ സ്ത്രീ വായനാ സമൂഹമുണ്ട്. പമ്മനും മാത്യുമാറ്റത്തിനും ഉണ്ടായിരുന്നു. ഇനിയും അത് ഉണ്ടാവുകയും ചെയ്യും. അതിൽ ഒരു തെറ്റില്ല. സ്ത്രീയുടെ കാര്യത്തിൽ ഈ വായനകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് തെറ്റ്.
സർവ്വം സഹയായ സ്ത്രീ:
എന്തിനാണ് സ്ത്രീ സർവ്വം സഹയാകുന്നത്?
ഞാൻ ജോലി ചെയ്തിരുന്ന ഇടങ്ങളിൽ ഹൈലി competitive ആയ സ്ത്രീകളെ കണ്ടിട്ടുണ്ട്. അവർ അവരുടെ ടാർഗറ്റ് തികയ്ക്കാൻ ഒപ്പമുള്ള male counter പാർട്ടിനൊപ്പം കോംപീറ്ററ്റീവ് ആണ്. ചിലപ്പോൾ മറ്റുള്ളവർക്ക് കണ്ണിൽ ചോരയില്ലാതു എന്ന് തോന്നുന്ന മട്ടിൽ തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നവർ. അപ്പോൾ ഉയർന്നു കേൾക്കുന്ന ഒരു ചോദ്യമാണ്.
'ഇവര് ഒരു സ്ത്രീയല്ലേ?'
എന്റെ ഒരു മാനേജരുണ്ടായിരുന്നു അവർ ഇടയ്ക്കു കണ്ണിറുക്കി പറയും.
'Yes I am selfish, I am ruthless, my job demands that and I am doing my job & I feel proud about myself."
എനിയ്ക്കു അവരോടു ബഹുമാനമേ തോന്നിയിട്ടുള്ളു.
കാരണം അവരിൽ ഒരുസത്യസന്ധതയുണ്ട്. അവരും അവരെ പോലെ ഞാൻ അറിയുന്ന പല സ്ത്രീകളും അവരുടെ പ്രവൃത്തികളെ സ്വയം തിരിച്ചറിയുന്നവരും അത് പൊതു സമൂഹം സ്ത്രീയ്ക്കു കല്പിച്ചു കൊടുക്കുന്ന 'സ്ത്രീത്വത്തിനു വിരുദ്ധരീതി'കളായാലും അതിനെ മറച്ചു വെയ്കാത്തവരാണ്. അവരോടു ബഹുമാനമാണ്.
ഞാൻ കണ്ട പെണ്ണുങ്ങൾ:
കാഞ്ഞിരപ്പള്ളിയിൽ കാപ്പ വാട്ടുന്ന / പുല്ലു പറിക്കുന്ന ഒരു പുല്ലരിവാൾ എളിയിൽ തിരുകി വെച്ചിരിക്കുന്ന പെണ്ണ്.
മാട്ടയിലോ കാപ്പി തോട്ടത്തിലോ ഒളിഞ്ഞു നോക്കാൻ വരുന്നവനെ ആ കത്തി വീശി തെറി വിളിച്ചോടിക്കുന്ന, ചന്തയിൽ പോയി 'പെണ്ണത്തം' മാറ്റിവെച്ചു ഉറക്കെ സാധനങ്ങൾ വിലപേശി മേടിക്കുന്ന, റബ്ബർ തോട്ടത്തിനു നടുവിലെ വീട്ടിൽ നിന്ന് ഒരു ഫർലോങ് അകലെയുള്ള വഴിയിലൂടെ പോകുന്നവരോട് ഭൂമികുലുങ്ങും വിധം വിശേഷം തിരക്കുന്ന ഉശിരുള്ള അമ്മച്ചിമാരെ കണ്ടു വളർന്നത് കൊണ്ടാവാം എന്റെ പെണ്ണത്ത സങ്കൽപ്പങ്ങൾ നേരിന്റെ നഗ്‌നത ഉള്ളതാണ്.
അവിടെ തുറിച്ചു നോക്കുന്നവനെ തെറി വിളിക്കുന്ന, നിലത്തു കിടക്കുന്ന കല്ല് പെറുക്കി എറിയുന്ന, അപമര്യാദയായി പെരുമാറുന്നവനോട് കൈയിലിരിക്കുന്ന കുടയായികൊള്ളട്ടെ ചെരുപ്പായി കൊള്ളട്ടെ അത് ആയുധമാക്കി പ്രതികരിക്കുന്ന സ്തീകളാണ്. അതെ സ്ത്രീ തന്നെ പരിചയമുള്ള ഒരു പുരുഷനെ കണ്ടാൽ പൊതു നിരത്തിൽ വെച്ചു വർത്തമാനം പറയും. ഓടി ചെന്നു ഏറെ നിഷ്‍കളങ്കമായി സ്നേഹവായ്പ്പോടെ കൈപിടിക്കും (തുറിച്ചു നോട്ടങ്ങൾ ഭയക്കാതെ).
എന്നാൽ ഇതേ സ്ത്രീയ്ക്കു തന്നെ അവർക്കു ബുദ്ധിമുട്ടുള്ള ഒരു കാര്യം പറഞ്ഞാൽ അതെന്നെ കൊണ്ട് പറ്റില്ല ഉറപ്പിച്ചു പറയാൻ മടിയില്ല. അത് ഉച്ചയ്ക്കു വെയ്ക്കുന്ന ചോറിന്റെ കറികളുടെ കാര്യത്തിൽ തുടങ്ങി , കള്ളു കുടിക്കാൻ ഭാര്യയോട് കാശ് ചോദിക്കുന്ന ഭർത്താവിനോട്, ഞാൻ നിങ്ങൾക്കു കുടിച്ചു കളയാൻ കാശു തരില്ല എന്ന് കട്ടായം പറയുന്ന ലീലചേച്ചി, ഒരു പെൺകുഞ്ഞിന്റെ മാനത്തിനു വിലപറയാൻ നോക്കിയ മകനെ പത്തല് വെട്ടി അടിച്ചു ആ കൊച്ചിന്റെ വീട്ടിൽ കൊണ്ട് പോയി മാപ്പു പറയിച്ച മറിയാമ്മ ചേട്ടത്തി, എന്ത് പുതിയ കാര്യത്തിനും നമുക്കു അത് ചെയ്യാം എന്ന് പറഞ്ഞു 60 കഴിഞ്ഞിട്ടും ചുറുചൊറുക്കോടെ നല്ല സുന്ദരൻ തമാശ പറഞ്ഞു എട്ടു നാടും പോട്ടെ ചിരിക്കുന്ന അന്നാമ്മ മമ്മി അങ്ങനെ അനേകം ഉദാഹരണങ്ങളിൽ എത്തി നിൽക്കാം.
ഇവരാരും പൊതുസമൂഹം നിഷ്കർഷിക്കുന്ന 'അടക്കമൊതുക്കളുള്ള സ്ത്രീ രത്നങ്ങൾ' അല്ല. എന്നാൽ ജീവിതത്തിലെ ഒരു പാട് പ്രതിസന്ധികളിൽ ചങ്കുറപ്പോടെ തീരുമാനങ്ങൾ എടുക്കുകയും അത് അത്യന്തം ആത്മവിശ്വാസത്തോടെ നടപ്പിലാക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യരാണ്.
ഒരു പണിക്കും പോകാതെ വീട്ടിലിരുന്നു ഭക്ഷണം കഴിച്ചു ടീവിയും കണ്ടിരുന്ന മകനെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കിയ കൂട്ടുകാരിയോട് 'അമ്മ ചോദിക്കുന്നത് കേട്ടിട്ടുണ്ട്.
'നാട്ടുകാര് എന്ത് പറയും എന്ന്'
അവരുടെ ഉത്തരം.
'നാട്ടുകാരുടെ സ്വഭാവസർട്ടിഫിക്കറ്റ് കാണിച്ചാൽ റേഷൻ കടയിൽ നിന്ന് അരി കിട്ടുവോ? ഇല്ലലോ. ഞാൻ സ്വന്തം കാലിലാണ് നില്കുന്നത്. പല വീടുകളിലെ പാത്രം കഴുകിയിട്ടാണ് ഞാൻ അടുപ്പിൽ തീ പുകക്കുന്നത്. അവന്റെ പെണ്ണിനും കൊച്ചിനും കഴിക്കാനും ഉടുക്കാനുമുള്ളതു ഞാൻ കൊടുക്കുന്നുണ്ട്. അവന്റെ പെണ്ണിനു ഒരു തയ്യൽ മിഷ്യനും മേടിച്ചു കൊടുത്തിട്ടുണ്ട്. എന്നു വെച്ച് ഒരു പണിക്കും പോകാതെ വീട്ടിലിരിക്കുന്ന അവനെ തീറ്റി പോറ്റാൻ എനിക്ക് വയ്യ. അതിൽ ഒരു നീതിയില്ലലോ'.
അതെ ഞാൻ കണ്ടു വളർന്ന പെണ്ണുങ്ങൾ. അവരുടെ നീതി വ്യത്യസ്തമാണ്, അവരുടെ രീതി വ്യത്യസ്തമാണ്.
അവർ സംസ്കാരത്തിൽ പൊതിഞ്ഞ ഒരു ശരീരത്തിൽ നിന്ന് പൊതു ബോധത്തിന് അനുസരിച്ചു പുറത്തു വരുന്ന കേവലം ശബ്ദങ്ങളല്ല. തങ്ങളുടെ ശരികളിൽ ഉറച്ചു നിൽക്കുന്ന നാട്ടിടവഴിയിലൂടെ കൈവീശി തല ഉയർത്തി ഉച്ചത്തിൽ സംസാരിച്ചു സ്വന്തം ജീവിതത്തിലും സ്വന്തം തിരഞ്ഞെടുപ്പുകളിലും ശരികളിലും ഒരു കുറ്റബോധവുമില്ലാതെ ജീവിച്ചു തീർക്കുന്നവരാണ്.
അതെ, ലൈംഗികതയെ കുറിച്ച് തുറന്നു സംസാരിക്കുന്ന, തിരണ്ടു കല്യാണത്തിന് പലഹാരം വാങ്ങാൻ പോകുകയാണ് എന്ന് ഉറക്കെ പറയുന്ന ,
ശരീരങ്ങളെ കുറിച്ച് തോട്ടിലും കുളക്കടവിലും ഉമ്മറത്തുമിരുന്നു സംസാരിക്കുന്ന , വേണ്ടി വന്നാൽ ചിലരുടെ ഇടവഴിയിൽ മുണ്ടുപോകാൻ നിൽക്കുന്നവനെ കല്ല് പെറുക്കി എറിയുന്ന തെറിവിളിക്കുന്ന പെണ്ണുങ്ങൾ. ഈ പെരുമാറ്റങ്ങൾ ഒന്നും തന്നെ അവരിലെ സ്ത്രീത്വം അടർത്തി കളഞ്ഞിട്ടില്ല മനുഷ്യത്വം ഇല്ലാതാക്കിയിട്ടില്ല.
അവരും പെണ്ണുങ്ങളാണ് നല്ല ഉശിരുള്ള പെണ്ണുങ്ങൾ.
P. S : ഇത് ചിലർക്കെങ്കിലും ഒരു സ്ത്രീവിരുദ്ധകുറിപ്പായി തോന്നാം. അതിൽ പരാതിയില്ല. ഒരു ചട്ടക്കൂടിലും ഒതുങ്ങാത്ത പെണ്ണുങ്ങളെ കണ്ടാണ് ഞാൻ വളർന്നത്. അവരെ അവരായി കാണുമ്പോൾ ബഹുമാനം കൂടുന്നതെ ഉള്ളു. ഇത് ആ പെണ്ണുങ്ങളെ കുറിച്ചാണ്...എന്റെ പെണ്ണുങ്ങളെ കുറിച്ച്.
DeepaPraveen.

Comments

Popular posts from this blog

...

അവിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾ പ്രണയിനി വിവാഹിതയായ പെണ്ണ് പ്രണയത്തെ കുറിച്ച് എഴുതിയാൽ അവൾക്ക് വിവാഹ പൂർവ ബന്ധം വിവാഹത്തിനും അപ്പുറം ജീവിതം ഉണ്ട് എന്നറിയുന്ന സ്വതന്ത്രയായ പെണ്ണ് പ്രണയത്തെ കുറിച്ച് കുറിച്ചാൽ അവൾ അപഥ സ്ഞ്ചാരിണ്ണി ഒരുവളുടെ നീരീക്ഷണങ്ങൾ അവൾ ആണ് എന്ന് തീർപ്പ് കൽപ്പിക്കുന്ന സമൂഹത്തിനു നമ്മുക്ക് തീകൊണ്ട് തീർത്ത ത്രീഡി കണ്ണട കൊടുക്കാം സമീറ* നീ കരയാതിരിക്കു. .......................... പേര് സാങ്കല്പ്പികം എങ്കിലും ആ കണ്ണീർ പരിചിതം

നിത III

  നിതയുടെ ജീവിതമാണ് കഴിഞ്ഞ കുറിപ്പിൽ എഴുതിയതു..അത് അനേകം നിതമാരുടെ ശബ്ദമായി തുടരുന്നു. പ്രമീളദേവിയുടെ അനുഭവത്തിൽ നിന്നാണ് നിതയെ ഓർത്തെടുത്തു അത് ഇവിടെ കുറിച്ച് തുടങ്ങിയത്. കുറച്ചു വര്ഷങ്ങളായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്തത് കൊണ്ട് ആരെങ്കിലും ഇത് വായിക്കുമോയെന്ന് പോലും ഉറപ്പില്ലായിരുന്നു. എന്നാൽ എവിടെയെങ്കിലും ഒരു നിതയോ ഒരു പ്രമീള ദേവിയോ ഉണ്ടെങ്കിൽ അതിൽ ഒരാളെങ്കിലും ഇത് വായിക്കണെമെന്നെ തോന്നിയുള്ളൂ. പക്ഷെ എന്നെ തേടി വന്ന മെസ്സേജുകളും കുറിപ്പുകളും നമ്മുടെ ഇടയിൽ എത്രയോ നിതമാരുണ്ടെന്നു അവർ നിശബദമാക്കപ്പെടുന്നത് ഏതാണ്ട് ഒരേ സാമൂഹിക കുടുംബവ്യവസ്ഥകളിലാണെന്നും എന്നോട് കഴിഞ്ഞ കുറെ ദിവസങ്ങളിൽ പറഞ്ഞു കൊണ്ടേയിരിക്കുന്നു. പലപ്പോഴും ഈ ഗാർഹിക പീഡനങ്ങളെ അതിന്റെ മാനസിക സംഘർഷങ്ങളെ അനിയന്ത്രിതമാക്കാൻ സഹായിക്കുന്നത്, ഇത്തരം കുറ്റവാളികളുടെ കുറ്റവാസനയുള്ളവരുടെ ഒപ്പം കൂടുന്ന ഫ്ലയിങ് monkeys എന്ന് വിളിക്കപ്പെടുന്ന സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും ഇടപെടലാണ് എന്ന വേദനയാവർത്തിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ച പെൺകുട്ടികൾ ഏറെയും പറഞ്ഞത് ഈ ചുറ്റിനുമുള്ള ഉപഗ്രഹങ്ങളെയാണ് അവർ പലപ്പോഴും അവരുടെ പാനിക്...

ഏറെ പ്രിയപ്പെട്ട നിനക്കായി

നീ എന്ന ജീവന്റെ അഗ്നിയാവുന്നത് ഞാന്‍ എന്ന വാഴ്വിന്റെ നേരര്‍ദ്ധമല്ലെ? ഒരോതുടിപ്പും കിതപ്പും കുതിപ്പും..... യാനങ്ങളിലേ വിയര്‍പ്പിന്‍ ചവര്‍പ്പും...... എന്റെ കണ്ണീര് കൊളുത്തികിടക്കുന്ന വെളുത്ത വ്രുത്തതിന്‍ കറുത്ത സത്യങ്ങളും...... എനെ ഉറക്കികിടത്താന്‍ കൊതിക്കും നേര്‍ത്തുവിളറിയ വയറിന്‍ തണുപ്പും... ആരൊരാള്‍ കാത്തു വെയ്പ്പു എനിക്കായി? ആരെന്റെ നെറുകയില്‍ ചുണ്ടമര്‍ത്തുന്നു? എത് കരങ്ങളില്‍ ഞാന്‍ ലയിക്കുന്നു? ആരെന്റെ കാ‍തില്‍ നാമക്ഷരം ചൊല്ലുന്നു? ഏത് മിഴിയില്‍ ഞാന്‍ മാണിക്ക്യമാവുന്നു? ജീവ്ന്റെ അര്‍ദ്ധവും വ്യാപ്ത്തിയുമാവുന്നു? നീയണതെല്ലാം ഞാന്‍ എന്ന വാഴവ് നീയാണതമേ..ഞാന്‍ എന്ന സത്യം നിനക്കയി ഞാന്‍ തഥാഗതയാകാം ആത്മാവില്‍ നിന്നെ ചിരം പ്രതിഷ്ടിക്കുവാന്‍ സ്വപനങ്ങളില്‍ നിന്നെ ഗര്‍ഭം ധരിക്കാം എങ്കിലും ഭദ്രേ വളിര്‍ത്തിയെടുക്കുവാന്‍ നീ പോറ്റിയപോലെ നിന്നെ പുലര്‍ത്തുവാന്‍... പേറ്റു നോവിന്റെയും പോറ്റു നോവിന്റെ യും... കൂട്ടിയാല്‍ കൂടാ കടം തീര്‍ത്തെടുക്കുവാന്‍ എത്ര ജന്മം ഞാന്‍ മനസ്സില്‍ ചുമക്കണം ഇത്തിരി കുങ്കുമ പൊട്ടിന്‍ സുഗന്ധവും... താരാട്ടു പാട്ടിന്റെ പതിഞ്ഞൊരാ ഇണവും... ജന്മം മുഴുവനെനിക്കായി ഉഴിഞ്ഞിട്ട നിന്റെ സ...